
തിരുവനന്തപുരം: റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ മിന്നല്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, എറണാകുളം,വയനാട്,പാലക്കാട്, കണ്ണൂര്‍ തുടങ്ങി വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു. കെഎസ്ആര്‍ടിസിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് റിസര്‍വേഷന്‍ പുറത്ത് ഏല്‍പിക്കുന്നതെന്ന് ആരോപിച്ചാണ് ജീവനക്കാര്‍ മിന്നല്‍ സമരം ആരംഭിച്ചത്.
റിസര്‍വേഷന്‍ കുടുംബശ്രീയെ ഏല്‍പിക്കുന്നത് താല്‍കാലികമായി നിര്‍ത്തിവയ്ക്കുന്നതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചെങ്കിലും പുറംകരാര്‍ നല്‍കില്ലെന്ന് രേഖാമൂലം ഉറപ്പുതരണം എന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകള്‍. കെഎസ്ആര്‍ടിസിയിലെ എല്ലാ തൊഴിലാളി യൂണിയനുകളും ചേര്‍ന്ന് സംയുക്താമായാണ് സമരം നയിക്കുന്നത്. സമരത്തിന്‍റെ ഭാഗമായി കോട്ടയം ഡിപ്പോയിലേക്ക് വന്ന ബസുകള്‍ തൊഴിലാളികള്‍ തടഞ്ഞിട്ടത് വലിയ ഗതാഗതക്കുരിക്കിന് കാരണമായി. ജനങ്ങള്‍ കൂടുതല്‍ കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന തിരുവനന്തപുരത്ത് സമരം യാത്രക്കാരെ വലച്ചു.
അതേസമയം കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടാവുന്ന ലാഭം മാത്രം നോക്കിയാണ് കുടുംബശ്രീയെ റിസര്‍വേഷന്‍ കൗണ്ടറുകളുടെ ചുമതല ഏല്‍പിച്ചതെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. നാലര രൂപ മാത്രമാണ് റിസര്‍വേഷന്‍ ചാര്‍ജായി കുടുംബശ്രീയ്ക്ക് നല്‍കുന്നത്. നാലായിരം കെഎസ്ആര്‍ടിസി ബസുകളില്‍ ആകെ നാന്നൂറ് എണ്ണത്തിന് മാത്രമാണ് റിസര്‍വേഷന്‍ ഉള്ളതന്ന് ചൂണ്ടിക്കാട്ടിയ കെഎസ്ആര്‍ടിസി എംഡി ജീവനക്കാര്‍ നടപടി തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ലാത്തവരെല്ലാം സ്വകാര്യ കന്പനികളാണെന്ന് കരുതരുത്. സര്‍ക്കാര്‍ പിന്തുണയോടെ പ്രവൃത്തിക്കുന്ന കൂട്ടായ്മയാണ് കുടുംബശ്രീ. കുടുംബശ്രീയിലെ സഹോദരിമാര്‍ക്കും കെഎസ്ആര്‍ടിസിക്കും ഒരേ പോലെ ഗുണകരമാവുമെന്ന് കണ്ടാണ് ഇത്തരമൊരു പരിഷ്കാരം കൊണ്ടു വന്നതെന്നും തച്ചങ്കരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam