
തിരുവനന്തപുരം: ചെങ്ങന്നൂർ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പരാജയത്തില്‍ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും ഒന്നോ രണ്ടോ പേരുടെ തലയില്‍ ഉത്തരവാദിത്തം കെട്ടിവയ്ക്കാനാവില്ലെന്നും സംഘടനാപരമായ ദൗര്‍ബല്യങ്ങൾ ഉണ്ടായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നേതാക്കൾ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. നേതാക്കള്‍ക്കെതിരെ കെഎസ് യു രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല.
മുതിര്‍ന്ന നേതാക്കളെ വേദിയിലിരുത്തിയായിരുന്നു കെഎസ് യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത് രൂക്ഷ വിമർശനമുന്നയിച്ചത്. ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് മുന്നറിയിപ്പാണെന്നും
സംഘടനയെ ശക്തിപ്പെടുത്തണമെന്നും കെഎസ് യു ആവശ്യപ്പെട്ടു. തമ്മിലടിക്കുന്ന നേതാക്കൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കണം. അല്ലെങ്കിൽ പാർട്ടി ഒന്നുമല്ലാതെ പോകും. സംഘടന സംവിധാനത്തിൽ അഴിച്ചുപണി വരണമെന്നുമായിരുന്നു കെഎസ് യുവിന്‍റെ വിമര്‍ശനം. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
പാർട്ടിക്ക് പ്രതിസന്ധിയും പോരായ്മയും ഉണ്ട്. കെഎസ് യു വിന്റെ വിമർശനങ്ങൾ ഉൾക്കൊള്ളുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു. യുഡിഎഫ് നേതാക്കൾ പക്ഷെ ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. മണ്ഡലം തിരിച്ചുപിടിക്കാൻ ആണ് ശ്രമിച്ചത്. ഒരു ഗ്രൂപ്പ് തർക്കങ്ങളും ഇല്ലായിരുന്നു. എന്നാൽ സംഘടനാപരമായ പോരായ്മകളുണ്ട്. ഒന്നോ രണ്ടോ പേരുടെ തലയിൽ ഉത്തരവാദിത്തം കെട്ടിവയ്ക്കാനാകില്ല . എല്ലാവര്‍ക്കും അവരവരുടേതായ ഉത്തരവാദിത്തമുണ്ട്. എല്ലാവരും പരിശ്രമച്ചിട്ടുണ്ട്. എന്നാൽ സർക്കാർ സംവിധാനം ദുരുപയോഗപ്പെടുത്തി എൽഡിഎഫ് വിജയം നേടി. ഒരു തിരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ടു ഇല്ലാതാകുന്ന പാർട്ടിയല്ല കോൺഗ്രസെന്നും ചെന്നിത്തല മറുപടി നല്‍കി.
അതേസമയം പരാജയത്തിന്‍റെ ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കി. സംഘടനാപരമായ ബലഹീനതകൾ പരിശോധിക്കും. കാരണങ്ങൾ കണ്ടെത്തി കൂട്ടായി തിരുത്തും. പരാജയത്തിൽ നിരാശപ്പെട്ടു മാളത്തിൽ ഒളിക്കുകയല്ല വേണ്ടത്. പരാജയപ്പെട്ടു എന്ന് വിലപിക്കുന്നതിലും അര്‍ഥമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കെപിസിസി അധ്യക്ഷന്‍ എംഎം ഹസനും വ്യക്തമാക്കി. അരമനകളുടെയും എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും മുന്നിൽ സമരം നടത്തിയവരാണ് മുൻ കെഎസ്യു നേതാക്കൾ, സമുദായ ശക്തികൾക്കു മുന്നിൽ അടിയറവ് പറഞ്ഞിട്ടില്ല . സംഘടനാപരമായി ദൗർബല്യങ്ങൾ ഉണ്ടായിരുന്നു. ഉത്തരവാദിത്തം ഒരാൾക്കല്ല. പരാജയ കാരണങ്ങൾ വിശദമായി പഠിക്കും. ആരുടെയെങ്കിലും തലയിൽ ഉത്തരവാദിത്തം കെട്ടിവച്ച് ബലിയാടാക്കില്ല. ആരെയെങ്കിലും ബലിയാടാക്കണമെങ്കിൽ താൻ തയ്യാറാണെന്നും ഹസന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam