
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്‍റെ ഫോട്ടോ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കി കെഎസ്‌യു കോളേജ് യൂണിറ്റ്. രാഷ്ട്രീയ ഭിന്നതകളില്ലാതെ അഭിമന്യുവിന്‍റെ മരണത്തില്‍ ദുഖിതരാണ് ഒരോ മഹാരാജാസുകാരനും. ഈ സാഹചര്യത്തിലാണ് അഭിമന്യുവിന്‍റെ മരണത്തിന് കാരണക്കാര്‍ക്കെതിരെ ക്യാമ്പസ് ഒന്നിച്ച് പ്രതിഷേധിക്കുന്നത്.
'അവന്റെ അന്നത്തെ ചിരിയും സന്തോഷവും ഇത് വരെ മാഞ്ഞ് പോയിട്ടില്ല' അഭിമന്യുവിനെ കുറിച്ചുള്ള കെ എസ് യു മഹാരാജാസ് ഫേസ്ബുക്ക് കുറിപ്പില്‍ ഇങ്ങനെ കുറിക്കുന്നു. റഷ്യന്‍ ലോകകപ്പിന് മുന്നോടിയായി കെ എസ് യു മഹാരാജാസ് സംഘടിപ്പിച്ച ഷൂട്ട് ഔട്ട് മത്സരത്തെ കുറിച്ചാണ് ഈ ഫേസ്ബുക്ക് കുറിപ്പ്. കൊല്ലപ്പെട്ട അഭിമന്യു ഉള്‍പ്പെട്ട ടീം ബ്രസീലിനാണ് അന്ന് രണ്ടാം സ്ഥാനം ലഭിച്ചത്. അഭിമന്യു ഇതര വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും സ്വീകാര്യനായിരുന്നു എന്നതിന്റെ തെളിവാണ് ഈ കുറിപ്പ്. അഭിമന്യുവിനെ ടാഗ് ചെയതു കൊണ്ട് വിജയികളുടെ ഫോട്ടോയും ജൂണ്‍ 28ന് കെ എസ് യു മഹാരാജാസ് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കെ എസ് യു മഹാരാജാസ് ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
കോളേജിൽ നിലവിലുള്ള എല്ലാ പാർട്ടിക്കാരെയും ഞാൻ മത്സരത്തിനു ക്ഷണിച്ചിരുന്നു. എല്ലാവരോടും പങ്കെടുക്കാനും വിജയിപ്പിക്കാനും പറഞ്ഞിരുന്നു. അന്ന് ആദ്യം എത്തിയത് അവനായിരുന്നു.
" അതേയ് തംജീദിക്ക,ഞങ്ങടെ ടീമും ഇണ്ട് ട്ടാ....ഞങ്ങ കപ്പും കൊണ്ടേ പോകുളളു ട്ടാ" !
ഉള്ളിൽ സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്. KSUക്കാര് നടത്തുന്ന പരിപാടിക്ക് ആദ്യം എത്തിയത് ഒരു SFIക്കാരൻ...
അവന്റെ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. അവന്റെ അന്നത്തെ ചിരിയും സന്തോഷവും ഇത് വരെ മാഞ്ഞ് പോയിട്ടില്ല.
അത്രമേൽ സൗഹൃദവും സന്തോഷവുമായിട്ടാണ് ഇവിടത്തെ ഇതര രാഷ്ട്രീയ സംഘടനകൾ മുന്നോട്ടു പോകുന്നതെന്ന് നിങ്ങൾക്ക് അറിയാമോ. ഒന്നര വർഷമായിട്ട് ഒരു ചെറിയ അടി പോലും ഈ ക്യാമ്പസിൽ ഇണ്ടായിട്ടില്ല.ഒരു പക്ഷെ അഭിമന്യുവിനെ പോലുള്ളവരുടെ presence ആയിരിക്കും ഈ ക്യാമ്പസിൽ ഇത്തരം കൂട്ടുകെട്ട് സൃഷ്ട്ടിച്ചത്.
വർഗീയതയുടെ വിഷവിത്തുകൾ പാകി വരുന്ന പ്രസ്താനങ്ങളെ നമ്മൾ മഹാരാജാസുകാർക്ക് കീറി മുറിക്കാം. ഇവിടം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും രാഷ്ട്രീയം നമ്മുക്ക് മുന്നോട്ട് വെക്കാം. പരസ്പരം തോളിൽ കയ്യിട്ടുകൊണ്ട് തന്നെ നമ്മുക്ക് നമ്മുടെ രാഷ്ട്രീയം പറയാം. ഈ ക്യാമ്പസ് ഉറങ്ങിക്കിടക്കാൻ പാടില്ല.
അഭിമന്യുവിന് വേണ്ടി, അവന്റെ സ്വപ്നങ്ങൾക്ക് വേണ്ടി നമ്മുക്ക് ഒരുമിക്കാം,
മഹാരാജാസിനെ ആ പഴയ മഹാരാജാസാക്കി നമുക്ക് മാറ്റാം !
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam