നടി ആക്രമിച്ചകേസിൽ നിർണായകമായിരുന്നു ബാലചന്ദ്രകുമാറിൻ്റെ മൊഴി. ദിലീപിനേയും പൾസർ സുനിയേയും ആലുവയിലെ വീട്ടിൽ ഒരുമിച്ച് കണ്ടെന്നായിരുന്നു മൊഴി. ദിലീപിന്‍റെ വീട്ടിൽ നിന്ന് പൾസർ സുനി വാഹനത്തിൽ തങ്ങൾക്കൊപ്പം വന്നെന്നും മൊഴിയിലുണ്ടായിരുന്നു. 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ തെളിവല്ലെന്നും മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും വിധി ന്യായത്തിൽ പറയുന്നു. ദിലീപിനേയും പൾസർ സുനിയേയും ആലുവയിലെ വീട്ടിൽ ഒരുമിച്ച് കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ മൊഴി. ദിലീപിന്‍റെ വീട്ടിൽ നിന്ന് പൾസർ സുനി വാഹനത്തിൽ തങ്ങൾക്കൊപ്പം വന്നെന്നും മൊഴിയിലുണ്ട്. എന്നാൽ ദിലീപ്, പൾസർ സുനി ബന്ധം തികച്ചും രഹസ്യാത്മകമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതെന്നും വിധിന്യായത്തിൽ പറയുന്നു.

കൃത്യത്തിനുശേഷവും പരസ്പരം കാണാതിരിക്കാൻ ഇരു പ്രതികളും ശ്രമിച്ചെന്നും പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. പരസ്പരമുളള ഫോൺ കോൾ പോലും ഇരുവരും ഒഴിവാക്കിയെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. ബാലചന്ദ്രകുമാറിന്‍റെ മൊഴിയും പ്രോസിക്യൂഷന്‍റെ വാദവും ചേർന്നുപോകുന്നതല്ലെന്ന് വ്യക്തമാക്കിയ കോടതി രഹസ്യ ബന്ധമായിരുന്നെങ്കിൽ ബാലചന്ദ്രകുമാർ എത്തിയപ്പോൾ പൾസർ സുനിയെ ദിലീപ് അവിടെ നിന്ന് മാറ്റില്ലായിരുന്നോ എന്നും വിധി ന്യായത്തിൽ പറയുന്നു.

കുറ്റകൃത്യത്തിന്‍റെ ലക്ഷ്യം ആദ്യ കുറ്റപത്രത്തിൽ തന്നെയുണ്ടെന്നും നടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക് മെയിൽ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും വിധിന്യായത്തിൽ പറയുന്നു. ആറുപ്രതികളും ഈയൊരൊറ്റ ലക്ഷ്യത്തോടെയാണ് കൃത്യത്തിൽ പങ്കെടുത്തത്. ദിലീപിന്‍റെ ക്വട്ടേഷനാണെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷനായില്ലെന്നും വിധിന്യായത്തിലുണ്ട്. ദിലീപിനെപ്പറ്റി നടിയ്ക്ക് ആദ്യഘട്ടത്തിൽ സംശയമോ പരാതിയോ ഉണ്ടായിരുന്നില്ല. ദിലീപിനെ ഭയന്നാണ് നടി ആദ്യഘട്ടത്തിൽ ഇക്കാര്യം പറയാതിരുന്നതെന്ന പ്രോസിക്യൂഷൻ വാദം നിലനിൽക്കില്ല. ഉന്നത പൊലീസുദ്യോഗസ്ഥർ അടക്കം ഉൾപ്പെട്ടതായിരുന്നു എസ്ഐടി. ദിലീപിന്‍റെ പങ്കാളിത്തത്തെപ്പറ്റി വെളിപ്പെടുത്തുന്നതിന് നടിയ്ക്ക് ഭയക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ആദ്യം കുറ്റപത്രം സമർപ്പിച്ചതിനുശേഷമാണ് ദിലീപ് ചിത്രത്തിലേക്ക് വരുന്നതെന്നും വിധിന്യായത്തിൽ പറയുന്നു.

കേസില്‍ 6 പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വിപി വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. അതേസമയം, പ്രതികൾക്ക് ഏറ്റവും കുറഞ്ഞ ശിക്ഷാവിധിയാണ് ലഭിച്ചത് എന്നുള്ള വിമർശനം ഉയർന്നിട്ടുണ്ട്. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉൾപ്പെടെ വലിയ വിമർശനമാണ് നടത്തിയത്. പരിപൂർണ നീതി കിട്ടിയില്ലെന്ന് പ്രോസിക്യൂട്ടറായ അഡ്വക്കേറ്റ് അജകുമാര്‍ പറഞ്ഞു. നിരാശതോന്നുന്ന വിധിയാണ് വന്നതെന്നും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചതെന്നും പ്രോസിക്യൂട്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. വിധിയിൽ അപ്പീൽ പോകാനാണ് സർക്കാർ തീരുമാനം. എന്നാൽ അതിജീവിത പ്രതികരിച്ചിട്ടില്ല.

YouTube video player