
ഇടുക്കി: മണ്ഡല മകരവിളക്ക് സീസൺ ആരംഭിക്കാൻ 25 ദിവസം മാത്രം ശേഷിക്കെ തമിഴിനാട്ടിൽ നിന്ന് കുമളി വഴി ശബരിമലയിലേക്കുള്ള റോഡിന്‍റെ അറ്റകുറ്റപ്പണികൾ എങ്ങുമെത്തിയില്ല. മഴയിൽ തകർന്ന കമ്പം, കുമളി റൂട്ടിൽ ഗതാഗതം പുനരാരംഭിച്ചിട്ടില്ല. വണ്ടിപ്പെരിയാർ ഭാഗത്തെ പണികൾ ഇഴഞ്ഞു നീങ്ങുന്നു.
അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ ഉപയോഗിക്കുന്ന പ്രധാന പാതകളിലൊന്നാണ് കൊട്ടാരക്കര - ദിണ്ഡുക്കൽ ദേശീയ പാത. ചെറിയൊരു മഴ പെയ്താൽ ഈ ഭാഗത്ത് വെള്ളം കയറി ഗതാഗതം നിലക്കും. ഈ വർഷം പലതവണയായി 36 ദിവസമാണ് ഇവിടെ ഗതാഗതം നിലച്ചത്. പ്രശ്ന പരിഹാരത്തിനായി ഒരു കിലോമീറ്റർ ദൂരത്തിൽ റോഡ് ഉയർത്തുന്ന ജോലികൾ ഒരുമാസം മുമ്പ് തുടങ്ങി. ചില ഭാഗത്ത് ഒന്നര മീറ്റർ വരെ ഉയർത്തണം. ഇതിനായി കല്ലും മണ്ണും ഇട്ടതോടെ റോഡ് തകർന്നു.
മെറ്റലിനു പരം മണ്ണിട്ട് ഉയർത്തുന്നത് വീണ്ടും റോഡ് തകരാൻ കാരണമാകുമെന്നും പരാതി ഉയർന്നിട്ടുണ്ട്. സീസണു മുമ്പ് പണികൾ പൂർത്തിയാക്കിയില്ലെങ്കിൽ ഇതുവഴി എത്തുന്ന അയ്യപ്പന്മാരുടെ നടുവൊടിയും. കനത്ത മഴയിൽ തകർന്ന കമ്പം - കുമളി റോഡിലെ മാതാ കോവിൽ ഭാഗത്തും പണികൾ പൂർത്തിയായിട്ടില്ല.
സീസണു മുമ്പ് നിർമ്മാണം പൂർത്തിയാക്കാൻ യുദ്ധാകാലാടിസ്ഥാനത്തിൽ ജോലികൾ നടക്കുന്നണ്ട്. റോഡില്ലാത്തതിനാൽ ഇതുവഴിയുള്ള ഗതാഗതം നിർത്തി വച്ചിരിക്കുകയാണ്. കമ്പത്തു നിന്നും കമ്പംമെട്ട് വഴിയാണ് ഇപ്പോൾ എല്ലാ വാഹനങ്ങളും തിരിച്ചു വിട്ടിരിക്കുന്നത്. പണി പൂർത്തിയായില്ലെങ്കിൽ ഇതു വഴി എത്തുന്ന അയ്യപ്പന്മാർ ഇത്തവണ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam