വി.വി. രാജേഷും  പ്രഫുല്‍കൃഷ്ണയും പാര്‍ട്ടിയെ അപമാനിച്ചെന്ന് കുമ്മനം

By Web DeskFirst Published Aug 10, 2017, 1:06 PM IST
Highlights

തിരുവനന്തപുരം: മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ച്ചയിലെയും വ്യാജരസീത് വിവാദത്തിലെയും അച്ചടക്ക നടപടിയെ ന്യായീകരിച്ച് കുമ്മനം. പാര്‍ട്ടിയെ അപമാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് വിവി രാജേഷിനും യുവമോര്‍ച്ചാ നേതാവ് പ്രഫുല്‍ കൃഷ്ണക്കുമെതിരെ നടപടി എടുത്തതെന്ന് കുമ്മനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം വിശദീകരണം ചോദിക്കാതെ നടപടി എടുത്തതില്‍ മുരളീധരപക്ഷത്തിന് കടുത്ത അമര്‍ഷമുണ്ട്.

ഏകപക്ഷീയമായ നടപടിയെന്ന് വി.മുരളീധരപക്ഷം വിമര്‍ശിക്കുമ്പോഴാണ് കുമ്മനം അച്ചടക്കനടപടിയെ പരസ്യമായി ന്യായീകരിച്ചത്. നടപടിയെ കുറിച്ച് ഇതുവരെ പാര്‍ട്ടി ഔദ്യോഗികമായി വിശദീകരിച്ചിരുന്നില്ല. അച്ചടക്കം ലംഘിച്ചാല്‍ നടപടി തുടരുമെന്നാണ് മുന്നറിയിപ്പ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കുമ്മനം നല്‍കുന്ന സൂചന. പക്ഷെ ആരാണ് അന്വേഷിച്ചതെന്നത് അടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന അധ്യക്ഷന്‍ പരസ്യമാക്കുന്നില്ല. 

രാജേഷിനെതിരായ കണ്ടെത്തലുകള്‍ പുറത്തുപറയുന്നില്ല. എന്നാല്‍ വ്യാജരസീത് എന്ന പേരില്‍ യഥാര്‍ത്ഥ രസീതുകള്‍ പ്രഫുല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് കുമ്മനത്തിന്റെ വിശീദകരണം. വിശദീകരണം ചോദിക്കാതെ നടപടി എടുത്തതിലാണ് മുരളീധരപക്ഷത്തിന്റെ  അതൃപ്തി. സംഘടനാ നടപടി നേരിട്ട വി.വി. രജേഷും യുവമോര്‍ച്ചാ നോതാവ് പ്രഫുല്‍കൃഷ്ണയും മുരളീധര പക്ഷക്കാരാണ്. കോഴ അന്വേഷിച്ച പാര്‍ട്ടി കമ്മീഷനില്‍ അംഗമല്ലാതിരുന്ന രാജേഷിന് എങ്ങിനെ റിപ്പോര്‍ട്ട് കിട്ടി എങ്ങിനെ ചോര്‍ത്തിയെന്ന് നേതൃത്വം കൃത്യമായി വിശദീകരിക്കുന്നില്ലെന്നാണ് കുറ്റപ്പെടുത്തല്‍.  

രാജേഷ് പ്രതികരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ പ്രഫുല്‍കൃഷ്ണ നടപടിയെ ചോദ്യം ചെയ്തു. മെഡിക്കല്‍ കോഴയിലും വ്യാജരസീതിലും ആരോപണം നേരിട്ട നേതാക്കള്‍ക്കെതിരെ ഒരു നടപടിയും ബിജെപി സ്വീകരിച്ചിട്ടില്ല.  കോഴക്കല്ല ചോര്‍ച്ചക്കാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നതെന്നാണ് അച്ചടക്കനടപടിയിലൂടെ ബിജെപി തെളിയിക്കുന്നത്.

click me!