
ബംഗളൂരു: പ്രളയം വരുത്തി വച്ച നഷ്ടങ്ങള്‍ പരിഹരിക്കുന്നതിനായി കര്‍ണാടകയ്ക്ക് ഇടക്കാലാശ്വാസമായി 2000 കോടി രൂപ അനുവദിക്കണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആവശ്യപ്പെട്ടു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനായി ഈ തുക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്ന കത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചു. പ്രാഥമിക കണക്കുക്കൂട്ടലില്‍ ഏകദേശം 3000 കോടിയുടെ നഷ്ടമാണ് കര്‍ണാടകയ്ക്ക് പ്രളയം മൂലമുണ്ടായതെന്നാണ് കുമാരസ്വാമി കത്തില്‍ പറയുന്നത്.
കര്‍ണാടകയില്‍ കൊടകിനെയും തീരദേശ പ്രദേശങ്ങളെയുമാണ് കനത്ത മഴ ഏറ്റവും കുടുതല്‍ ബാധിച്ചത്. 17 പേരോളം മഴക്കെടുതിയില്‍ മരണപ്പെട്ടപ്പോള്‍ ഏകദേശം 2000 വീടുകള്‍ തകര്‍ന്നു. 53 ദുരിതാശ്വാസ ക്യാമ്പുകളിലായി 7,500 പേരാണ് കഴിയുന്നതെന്നും കുമാരസ്വാമി എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. വ്യാപകമായ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.
ഉരുള്‍പ്പൊട്ടലില്‍ പ്ലാന്‍റേഷനുകള്‍ തകര്‍ന്നു. കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ പ്രളയം ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയ ശേഷമാണ് കുമാരസ്വാമി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് നിര്‍മല സീതാരാമന്‍.
എന്നാല്‍, സന്ദര്‍ശനത്തിന് ശേഷം കേന്ദ്രത്തില്‍ നിന്നുള്ള സഹായത്തപ്പറ്റി മന്ത്രി പറഞ്ഞിരുന്നില്ല. മഹാപ്രളയത്തില്‍ വന്‍ നഷ്ടമുണ്ടായ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമികമായി 100 കോടിയും പിന്നീട് 500 കോടിയുമായിരുന്നു അനുവദിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam