
പത്തനംതിട്ട: നാല് കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്ന പത്തനംതിട്ട കുമ്പളാംപൊയ്ക സഹകരണ ബാങ്ക് ശാഖയിൽ നിക്ഷേപകരുടെ പ്രതിഷേധം ശക്തമാകുന്നു. നിക്ഷേപ തുക തിരികെ കിട്ടാതെ വന്നതോടെയാണ് നാട്ടുകാർ സംഘടിച്ചത്. സിപിഎം ഭരിക്കുന്ന ബാങ്കിൽ നടന്ന ക്രമക്കേടിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.
ലക്ഷങ്ങൾ കിട്ടാനുള്ളവർക്ക് പതിനായിരത്തിൽ താഴെ മാത്രമാണ് ഇപ്പോൾ നൽകുന്നത്. പ്രതിസന്ധി ഇല്ലെന്നായിരുന്നു സിപിഎം ഭരിക്കുന്ന ബാങ്ക് ഭരണസമിതി നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ ചികിത്സാ ആവശ്യത്തിനുള്ള പണം പോലും നൽകുന്നില്ലെന്ന് നിക്ഷേപകർ പറയുന്നു. ക്രമേക്കട് നടത്തിയ സിപിഎം പ്രാദേശിക നേതാവും ബാങ്ക് ജീവനക്കാരനുമായ പ്രവീൺ പ്രഭാകരൻ കഴിഞ്ഞയാഴ്ച കീഴടങ്ങിയിരുന്നു.
ക്രമക്കേട് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. സഹകരണ രജിസ്ട്രാർ ആയിരുന്നു ബാങ്കിലെ ക്രമക്കേട് കണ്ടെത്തിയത്. 120 കോടിയിലധികം ആസ്തി ബാങ്കിനുണ്ടെന്ന് ഭരണസമിതി വ്യക്തമാക്കുമ്പോഴും പണം നൽകാത്തത് ബാങ്കിന്‍റെ പ്രതിസന്ധി വലുതാണെന്ന് സൂചന നൽകുന്നുണ്ട്. സിപിഎം ജില്ലാ കമ്മിറ്റി അംഗം മത്തായി ചാക്കോ ആണ് ബാങ്ക് പ്രസിഡന്‍റ്.
അതുകൊണ്ട് തന്നെ സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് ക്രമക്കേടെന്ന ആരോപണവുമായി കോൺഗ്രസ്സ് അടക്കമുള്ള കക്ഷികൾ രംഗത്തെത്തിയിരുന്നു. പ്രതിഷേധ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam