
ആലപ്പുഴ: ജില്ലയില്‍ മഴ കനത്തതോടെ കുട്ടനാട് വീണ്ടും വെള്ളത്തിനടിയിലായി. ദേശീയ ദുരന്ത നിവാരണ സേനയും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്‍റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ജില്ലയിലെ 105 ക്യാമ്പുകളിലായി 1,23,364 പേരാണുള്ളത്. കനത്ത മഴയ്‌ക്കൊപ്പം വിവിധ ഡാമുകളുടെ ഷട്ടറുകള്‍ കൂടി തുറന്നതോടെ കുട്ടനാട്ടിലെയും അപ്പര്‍കുട്ടനാട്ടിലെയും മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നേവിയുടെ സഹായത്തോടെ ആളുകളെ ഒഴിപ്പിക്കുകയാണ്. പലയിടങ്ങളിലും ജല നിരപ്പ് കൂടി. ആലപ്പുഴ ചങ്ങനാശേരി എസി റോഡില്‍ വെള്ളം കൂടിയതോടെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി വെച്ചു.
മങ്കൊമ്പിനും കിടങ്ങറയ്ക്കും മധ്യേയാണ് കൂടുതല്‍ വെള്ളം. കൈനകരി, പുളിങ്കുന്ന്, ചാമ്പക്കുളം എന്നീവിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ദിവസങ്ങള്‍ക്ക് മുന്‍പ്, വെള്ളം ഇറങ്ങിയ പ്രദേശങ്ങളിലെ വീടുകളിലാണ് വീണ്ടും വെള്ളം കയറിയത്. കിഴക്കന്‍ വെള്ളം ജില്ലയിലേക്ക് കൂടുതലായി ഒഴുകി വരാനുള്ള സാധ്യത കണക്കിലെടുത്ത് നദികളുടെയും ആറുകളുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
കുട്ടനാട്ടിലെ റിസോര്‍ട്ടുകളില്‍ നിന്ന് ടൂറിസ്റ്റുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. പൊലീസും ഫയര്‍ഫോഴ്‌സും മറ്റു വകുപ്പുകളും ജാഗ്രത പാലിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങളോട് ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്‍റെ 20 പേര്‍ വീതമുള്ള സംഘം ആലപ്പുഴയിലും ചെങ്ങന്നൂരും നിലയുറപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ 105 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,23364 പേരാണുള്ളത്. കൂടാതെ 734 ഭക്ഷണ വിതരണ കേന്ദ്രങ്ങളും തുറന്നു. മങ്കൊമ്പ്, കൈനകരി, മുട്ടാര്‍ എന്നിവിടങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.
ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കൈനകരിയില്‍ നിന്നും എല്ലാവരോയും ഒഴിപ്പിക്കുവാന്‍ നടപടികള്‍ ആരംഭിച്ചു. ചെങ്ങന്നൂരില്‍ 500 കുടുംബങ്ങളെ ഒഴിപ്പിക്കാനുണ്ട്. ഒരാള്‍ക്ക് വേണ്ടി ഒന്നിലധികം ആളുകള്‍ സഹായം അഭ്യര്‍ത്ഥിച്ചു വിളിക്കുന്നത് തിരക്ക് കൂട്ടുന്നുണ്ട്. സംശയവും ഉണ്ടാക്കുന്നുവെന്നും ദുരന്ത നിവാരണ സേന പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam