
ആലപ്പുഴ: കുട്ടനാട്ടില്‍ കാര്‍ഷിക വായ്പയുടെ പേരിലുള്ള തട്ടിപ്പിന് പിന്നാലെ വിദ്യാഭ്യാസ വായ്പയിലും വന്‍ വെട്ടിപ്പ്. കുട്ടനാട് വികസന സമിതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാദര്‍ തോമസ് പീലിയാനിക്കല്‍ ശുപാര്‍ശ ചെയ്ത് നേടിയ വിദ്യാഭ്യാസ വായ്പ എടുത്തവരാണ് ജപ്തി ഭീഷണി നേരിടുന്നത്. കുട്ടനാട് വികസന സമിതി വായ്പ എടുത്തവര്‍ക്ക് നല്‍കിയ പാസ്സ് ബുക്കിലൂടെ വായ്പ എടുത്തവര്‍ അടച്ച പണമൊന്നും ബാങ്കിലേക്ക് എത്തിയില്ല.
ആലപ്പുഴ ചമ്പക്കുളം സ്വദേശി തങ്കച്ചി സുരേന്ദ്രന്, 2004 ല്‍ ചമ്പക്കുളത്തെ സ്റ്റേറ്റ് ബാങ്കില്‍ നിന്നാണ് കുട്ടനാട് വികസന സമിതിയുടെ ശുപാര്‍ശ പ്രകാരം 2,90,000 രൂപ വായ്പ എടുത്തത്. എന്നാല്‍ വായ്പാ തിരിച്ചടവ് ബാങ്കിലായിരുന്നില്ല. ഫാദര്‍ തോമസ് പീലിയാനിക്കലിന്റെ നിര്‍ദ്ദേശ പ്രകാരം കുട്ടനാട് വികസന സമതിയുടെ ഓഫീസിലാണ് പണമടച്ചത്‍. അവിടെ നിന്നും നല്‍കിയ പാസ്സ് ബുക്ക് പ്രകാരം 2004 സപ്തംബര്‍ മുതല്‍ 2008 മേയ് വരെ 68,400 രൂപ അടച്ചു. എന്നാല്‍ അധികം വൈകാതെ വീട്ടില്‍ ജപ്തി നോട്ടീസെത്തി. ബാങ്കില്‍ പോയി അന്വേഷിച്ചപ്പോഴാണ് തങ്കച്ചി സുരേന്ദ്രന്‍ കുട്ടനാട് വികസന സമിതി ഓഫിസിലടച്ച ഒരു രൂപ പോലും ബാങ്കിലെത്തിയില്ലെന്ന വിവരം അറിഞ്ഞത്. ഇപ്പോഴും ആറ് ലക്ഷം രൂപ തിരിച്ചടക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് വന്നുകൊണ്ടേയിരിക്കുന്നു.
കുട്ടനാട് കുന്നങ്കര സ്വദേശി സുഗുണന്റെയും അനുഭവം ഇതുതന്നെ. 2004 ല്‍ മകളുടെ പഠനാവശ്യത്തിനായി ഫാദര്‍ തോമസ് പീലിയാനിക്കലിന്റെ ശുപാര്‍ശയില്‍ ആലപ്പുഴ എ.ഡി.ബി സ്റ്റേറ്റ് ബാങ്കില്‍ നിന്ന് ഒന്നരലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്തു. ഫാദര്‍ തോമസ് പീലിയാനിക്കല്‍ നല്‍കിയ പാസ്സ് ബുക്കില്‍ കുട്ടനാട് വികസന സമിതി ഓഫീസില്‍ 31,520 രൂപയച്ചു. ജപ്തി നോട്ടീസ് വന്ന് ബാങ്കില്‍ പോയി അന്വേഷിച്ചപ്പോഴാണ് ഒരു രൂപ പോലും ബാങ്കില്‍ എത്തിയില്ലെന്ന് അറിയുന്നത്. തങ്കച്ചി സുരേന്ദ്രനെയും സുഗുണനെയും പോലെ നിരവധിയാളുകളാണ് ഈ തട്ടിപ്പിന് ഇരയായത്.
ഇവരുടെ അറിവില്ലായ്മ ചൂഷണം ചെയ്ത് ബാങ്കില്‍ നിന്ന് എടുത്ത വായ്പ കുട്ടനാട് വികസന സമിതി ഓഫീസിലടച്ച് എല്ലാം നഷ്‌ടപ്പമായവരാണ് പലരും. ഇപ്പോള്‍ ചോദിക്കുമ്പോള്‍ എല്ലാവരും കൈമലര്‍ത്തുന്നു. വായ്പ എടുത്തവര്‍ ആത്മഹത്യയുടെ വക്കിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam