ആലപ്പുഴ: സംസ്ഥാനത്തിന്‍റെ മറ്റ് പ്രളയബാധിത പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴും കുട്ടനാട്ടുകാരുടെ ദുരിതത്തിന് ശമനമില്ല. കുട്ടനാടിലെ പല മേഖലകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. വെള്ളം വറ്റിക്കാനുളള നടപടികള്‍ ഫലപ്രദമായില്ല. വീടുകളിലേക്ക് തിരികെ പോകാനാകാതെ നില്‍ക്കുകയാണ് കുട്ടനാടിലെ ജനങ്ങള്‍. ക്യാമ്പുകളിൽ നിന്ന് തിരിച്ചുപോന്ന പലർക്കും വീട്ടിൽ കയറാൻ പോലുമായില്ല. പല വീടുകളിൽ വെള്ളം ഇറങ്ങിയിട്ടില്ല.
വീടുകളില്‍ നിന്ന് വെള്ളമിറങ്ങി താമസിക്കാനെത്തുന്നവര്‍ക്ക് കുടിവെള്ളം കിട്ടാത്തത് കടുത്ത പ്രതിസന്ധിയായി തുടരുകയാണ്. കൈനകരി അടക്കം പാടശേഖരങ്ങളുടെ പുറംബണ്ടില്‍ താമസിക്കുന്നവരുടെ വീടുകളില്‍ ഇപ്പോഴും നിറയെ വെള്ളമാണ്.
കുട്ടനാട്ടുകാരോട് ചോദിക്കുമ്പോള്‍ തന്നെ സങ്കടം സഹിക്കാനാവാതെ കരയുകയാണ്. വെള്ളംകയറി എല്ലാം താറുമാറായി. വീട്ടുപകരണങ്ങള്‍ അപ്പാടെ നശിച്ചു. വെള്ളമിറങ്ങി വീട് വൃത്തിയാക്കി പോയവര്‍ക്കാണെങ്കില്‍ കുടിക്കാന്‍ വെള്ളമില്ല. ടാങ്കുകളില്‍ വെള്ളമെത്തിക്കുമെന്ന പ്രഖ്യാപനം കുട്ടനാട്ടില്‍ നടപ്പാവുന്നില്ല. പൈപ്പുകള്‍ പൊട്ടിക്കിടക്കുന്നതിനാല്‍ വാട്ടര്‍ കണക്ഷനുള്ളവരുടെ വീടുകളിലും ഒരു തുള്ളി വെള്ളമില്ല. ആലപ്പുഴ നഗരത്തിലെ പൈപ്പുകളില്‍ നിന്ന് വെള്ളം ശേഖരിച്ച് കുട്ടനാട്ടിലേക്ക് ബോട്ടില്‍ കയറി പോകേണ്ട ഗതികേടിലാണിവര്‍. കൈനകരി അടക്കമുള്ള നിരവധി പ്രദേശങ്ങളില്‍ ഇപ്പോഴും വീടുകളില്‍ കാല്‍മുട്ടിനുമുകളില്‍ വെള്ളമുണ്ട്. അതുകൊണ്ട് തന്നെ ഇവിടുത്തെ വീടുകളില്‍ ശുചീകരണപ്രവര്‍ത്തനവും എങ്ങുമെത്താത്ത സ്ഥിതിയാണ് പാടശേഖരത്തിന്‍റെ പുറംബണ്ടില്‍ താമസിക്കുന്ന ഇവരുടെ വീട്ടിനുള്ളിലെ വെള്ളമിറങ്ങണമെങ്കില്‍ മോട്ടോറടിച്ച് വെള്ളം വറ്റിക്കണം. വെള്ളപ്പൊക്കത്തില്‍ പാടശേഖരങ്ങളിലെ നൂറുകണക്കിന് മോട്ടോറുകള്‍ വെള്ളത്തിനടിയിലായി തകരാറിലാണ്. അത് നന്നാക്കുകയോ പുറത്ത് നിന്ന് മോട്ടോര്‍ എത്തിക്കുകയോ ചെയ്താലും രണ്ടാഴ്ചയിലേറെ എടുക്കും ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍. പകര്‍ച്ചവ്യാധി ഭീഷണിയും തുടരുകയാണ്.
വീട്ടില്‍ നിന്ന് വെള്ളമിറങ്ങിയവരുടെ മുറ്റത്തും പറമ്പിലും നിറയെ വെള്ളമുണ്ട്. അതുകൊണ്ട് തന്നെ പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വ്വഹിക്കാനാവാത്ത പ്രതിസന്ധിയിലാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍. മിക്ക ദുരിതാശ്വാസ ക്യാമ്പുകളും പിരിച്ചുവിട്ടുതുടങ്ങി. ഇനി വീടുകളിലേക്ക് മടങ്ങിയവര്‍ക്ക് ആ ക്യാമ്പിലേക്ക് തിരിച്ചുപോവുകയും അസാധ്യം. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കുടിവെള്ളപ്രശ്നവും മോട്ടോര്‍ ക്ഷാമവും പരിഹരിച്ചില്ലെങ്കില്‍ ഇവരുടെ ദുരിതം ഇരട്ടിയാകുമെന്നാണ് കുട്ടനാട്ടിലേക്ക് മടങ്ങിയെത്തുന്നവര്‍ പറയുന്നത്..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam