കുവൈത്തില്‍ വിദേശികളായ ജീവനക്കാരുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് ആവശ്യം

By Web DeskFirst Published Jan 4, 2018, 12:01 AM IST
Highlights

വിദേശികളായ ജീവനക്കാരുടെ വിവരങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് കുവൈറ്റ് എംപ്ലോയ്‌മെന്റ് ആന്‍ഡ് റീപ്ലേസ്‌മെന്റ് പാര്‍ലമെന്ററി കമ്മിറ്റി സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു കത്തു നല്‍കി. എട്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് കമ്മിറ്റി നോട്ടീസ് നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലിചെയ്യുന്ന വിദേശികളുടെ എണ്ണം, അവരുടെ ജോലിയുടെ സ്വഭാവം, ഇവരുടെ നിയമനത്തിന് ഉപയോഗിച്ച മാര്‍ഗം, തൊഴില്‍ കരാറിലെ വ്യവസ്ഥകളും നിബന്ധനകളും തുടങ്ങിയ വിവരങ്ങള്‍ നല്‍കാനാണ് പാര്‍ലമെന്ററി കമ്മിറ്റി കഴിഞ്ഞ മാസം ആവശ്യപ്പെട്ടത്. നിലവില്‍ ഇവര്‍ ജോലിചെയ്യുന്ന തസ്‍തികകളില്‍ അവരുടെ ആവശ്യകതയെക്കുറിച്ചും, കരാര്‍ അവസാനിപ്പിച്ചാല്‍ എന്തു സംഭവിക്കുമെന്നും പ്രസതുത തസ്തികകളില്‍ സ്വദേശി പൗരന്‍മാരെ പുനര്‍വിന്യസിക്കുന്നതു സംബന്ധിച്ചും വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയിരന്നത്. സ്ഥിതിഗതികള്‍ സംബന്ധിച്ച് വിശദമായ അവലോകന റിപ്പോര്‍ട്ട് യഥാസമയങ്ങളില്‍ നല്‍കണമെന്നും ഖലീല്‍ അല്‍ സാലെഹ് അധ്യക്ഷനായ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

സ്വദേശികള്‍ക്കു ചെയ്യാന്‍ സാധിക്കുന്ന ജോലികള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കില്ല. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായുള്ള പുനര്‍വിന്യാസ നയം കടലാസില്‍ ഒതുങ്ങാതെ പ്രാവര്‍ത്തികമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംപ്ലോയ്‌മെന്റ് ആന്‍ഡ് റീപ്ലേസ്‌മെന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ നിര്‍ദേശത്തോട് അനുകൂലമായി പ്രതികരിച്ച് തുടങ്ങിയിതായും റിപ്പോര്‍ട്ടുകളുണ്ട്.

click me!