ലാലുവിന് കൂട്ടിരിക്കാന്‍ കള്ളക്കേസുണ്ടാക്കി സഹായികള്‍ ജയിലില്‍

Published : Jan 09, 2018, 02:31 PM ISTUpdated : Oct 05, 2018, 03:27 AM IST
ലാലുവിന് കൂട്ടിരിക്കാന്‍ കള്ളക്കേസുണ്ടാക്കി സഹായികള്‍ ജയിലില്‍

Synopsis

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ മൂന്നര വര്‍ഷം തടവിന് ശിക്ഷിച്ച മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ ലാലു പ്രസാദ് യാദവിന്റെ സഹായികളും ജയിലില്‍. ലാലു പ്രസാദ് യാദവിനെ പാര്‍പ്പിച്ചിരിക്കുന്ന റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് സഹായികളായ മദന്‍ യാദവിനെയും ലക്ഷ്മണ്‍ മഹ്‌തോയെയയും എത്തിച്ചിരിക്കുന്നത്. മോഷണവും അയല്‍വാസിയെ മര്‍ദ്ദിച്ചതുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ലാലു ജയിലിലെത്തുന്നതിന് ദിവസങ്ങള്‍ക്കുമുമ്പായിരുന്നു ഇരുവരെയും ബിര്‍സ മുണ്ട ജയിലില്‍ എത്തിച്ചത്. 

റാഞ്ചിയിലെ ദൊറന്ത പൊലീസ് സ്റ്റേഷനിലാണ് അയല്‍വാസി സുമിത് യാദവ്,  ലക്ഷ്മണനും മദനുമെതിരെ പരാതിയുമായി എത്തിയത്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ഇരുവരെയും ജയിലിലടയ്ക്കാന്‍ പൊലീസ് സ്റ്റേഷന്റെ ചാര്‍ജുളള ഉദ്യേഗസ്ഥന്‍ തയ്യാറായില്ല. എന്നാല്‍ ഒടുവില്‍ ലോവര്‍ ബസ്സാര്‍ പൊലീസ് സ്റ്റേഷനിലാണ് ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഉടന്‍തന്നെ പൊലീസില്‍ ഇരുവരും ഹാജരായി. 

പരാതി പ്രകാരം മദനും ലക്ഷ്മണും സുമിത് യാദവിനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയും അടിക്കുകയും 10000 രൂപ മോഷ്ടിക്കുകയും ചെയ്തുവെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം. സെക്ഷന്‍ 341, 323, 504, 379 എന്നിവ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. മദനും ലക്ഷ്മണും റാഞ്ചിയില്‍ പാല്‍ ഉല്‍പാദന കേന്ദ്രം നടത്തുകയാണ്. ഇരുവരും ലാലു പ്രസാദ് യാദവിന്റെ ആദ്യകാല സഹായികളുമായിരുന്നു. ലാലു റാഞ്ചിയിലെത്തിയപ്പോഴെല്ലാം അദ്ദേഹത്തെ അനുഗമിച്ചിരുന്നത് ഇരുവരുമാണ്. ഒടുവില്‍ ലാലു റാഞ്ചിയിലെ ജയിലിലെത്തുമ്പോഴും ഇരുവരും ജയിലിലുമുണ്ട്. 

കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരില്‍ 84.5 ലക്ഷം രൂപ വ്യാജ രേഖകള്‍ ഹാജരാക്കി ട്രഷറിയില്‍ നിന്ന് പിന്‍വലിച്ച കേസിലാണ് റാഞ്ചി പ്രത്യേക കോടതി ജഡ്ജി ശിവ്പാല്‍ സിംഗ് ലാലു പ്രസാദ് യാദവിന് മൂന്നരവര്‍ഷം തടവ് ശിക്ഷ വിധിച്ചത്. തൊണ്ണൂറുകളില്‍ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച കേസാണ് കാലിത്തീറ്റ കുംഭകോണ കേസ്. 950 കോടി രൂപയുടെ അഴിമതിയില്‍ സിബിഐ 64 കേസാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ആറുകേസുകളില്‍ ലാലുപ്രസാദ് യാദവ് പ്രതിയാണ്. 

2013ല്‍ 37.5 കോടി രൂപയുടെ അഴിമതി നടന്ന ആദ്യ കേസില്‍ ലാലുവിന് അഞ്ച് വര്‍ഷത്തെ കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചിരുന്നു. രണ്ടുമാസത്തോളം ജയിലിലായ ലാലുവിന് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു. കോടതി വിധിയെ തുടര്‍ന്ന് ലാലുവിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാവുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കും നേരിടേണ്ടി വരികയും ചെയ്തിരുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

12 അംഗങ്ങളുള്ള കോൺഗ്രസിൽ ഗ്രൂപ്പ് പോര്; ആറംഗങ്ങളുള്ള എൽഡിഎഫ് ഭരണം പിടിച്ചു; ജയിച്ചത് കോൺഗ്രസ് വിമതൻ
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, അന്തിമ പട്ടിക ഫെബ്രുവരി 21 ന്