
കാസര്‍കോട്: ഭൂമിയുടെ പട്ടയം കൈവശമുണ്ടായിട്ടും ബിരിക്കുളം കൂടോലിലെ കര്‍ഷക കുടുംബങ്ങളുടെ സ്ഥലം സര്‍ക്കാര്‍ മിച്ചഭൂമിയായി മാറി. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയോട് ചേര്‍ന്നുള്ള കൂടോലിലെ 58 ഏക്കര്‍ ഭൂമിയുടെ അവകാശികളായ പതിനെട്ട് കുടുംബങ്ങളാണ് സാങ്കേതിക കുരുക്കില്‍പ്പെട്ട് നട്ടം തിരിയുന്നത്. മിച്ചഭൂമിയായി മാറിയ സ്ഥലത്തിന്റെ കരമടയ്ക്കാന്‍ പോലും പറ്റാതെ സ്ഥിതിയിലാണ് ബിരിക്കുളത്തെ കര്‍ഷക കുടുംബങ്ങള്‍.
പട്ടയം കൈവശമുള്ള 18 കുടുംബങ്ങളാണ് കൃഷി ചെയ്തും വീടുവച്ചും ഇവിടെ താമസിക്കുന്നത്. ഇതില്‍ പലരും കുടിയാന്മാരില്‍ നിന്നും സ്ഥലം പണം കൊടുത്ത് വാങ്ങിയവരുമാണ്. കൂടാതെ വര്‍ഷങ്ങളായി സ്ഥലം കൈവശം വച്ചിട്ടുള്ള 14 കുടുംബങ്ങളും ഇവിടെയുണ്ട്. 2008 ലാണ് സ്വന്തം സ്ഥലം മിച്ചഭൂമിയായ കാര്യം ഈ കുടുംബങ്ങള്‍ അറിയുന്നത്. ഇതിന് മുമ്പ് പലരും സ്ഥലം ക്രയവിക്രയം നടത്തിയിട്ടുണ്ട്. ഒമ്പത് വര്‍ഷമായി 18 കുടുംബങ്ങള്‍ക്ക് നികുതി അടയ്ക്കാനോ മറ്റ് കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ച് നല്‍കാനോ നടപടിയുണ്ടായിട്ടില്ല. അധികൃതരുടെ അനാസ്ഥയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാത്തതെന്ന് ഈ കുടുംബങ്ങള്‍ പറയുന്നു.
1976 ലാണ് പരപ്പ വില്ലേജില്‍ 152/1C സര്‍വ്വേ നമ്പറിലെ 68 ഏക്കര്‍ സ്ഥലത്തിന്റെ പട്ടയം അന്നത്തെ ജന്മിയായിരുന്ന കക്കാട്ട് കോവിലകത്തെ മഹാപ്രഭാ തമ്പുരാട്ടി കര്‍ഷക കുടുംബങ്ങള്‍ക്ക് നല്‍കിയത്. പിന്നീട് ഇതേ ഭൂമിയുടെ കൈവശാവകാശം മഹാപ്രഭാ തമ്പുരാട്ടി ശംഭുനമ്പൂതിരി എന്നയാള്‍ക്ക് നല്‍കി. ശംഭുനമ്പൂതിരി പത്ത് ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക് പതിച്ച് നല്‍കുകയും ബാക്കി 58 ഏക്കര്‍ ഭൂമി നോക്കി നടത്താന്‍ കഴിയാത്തതിനാല്‍ സര്‍ക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ സ്ഥലത്ത് മറ്റാര്‍ക്കെങ്കിലും പട്ടയം നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്.
വെള്ളരിക്കുണ്ട് താലൂക്ക് വന്നതിന് ശേഷം തഹസില്‍ദാര്‍ ഇവിടുത്തെ ഓരോരുത്തരുടേയും കൈവശമുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തിയിരുന്നു. പിന്നീട് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നടപടിയുണ്ടായില്ലെന്നും അവര്‍ പറയുന്നു. നിലവില്‍ പഞ്ചായത്തില്‍ നിന്നും അനുവദിച്ച് കിട്ടിയ വീട് പണിയാനോ, വായ്പയെടുക്കാനോ, കാര്‍ഷിക ആനുകൂല്യങ്ങളോ ഇവര്‍ക്ക് ലഭിക്കുന്നില്ല. കഴിഞ്ഞ ഒക്ടോബര്‍ 30ന് നടന്ന വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്തില്‍ കളക്ടര്‍ കെ.ജീവന്‍ ബാബു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പ്രതീക്ഷിച്ച കുടുംബങ്ങള്‍ ഇപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam