
ദില്ലി: ഏറെ വിവാദങ്ങൾക്കും വിപ്ലവകരമായ വിധികൾക്കും ശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് ദീപക് മിശ്ര നാളെ വിരമിക്കും. ഇന്ന് ദീപക് മിശ്രയുടെ അവസാന പ്രവൃത്തി ദിവസമാണ്. അടുത്ത ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ബുധനാഴ്ച ചുമതലയേൽക്കും.
സ്വയം ആരോപണം നേരിട്ട മെഡിക്കൽ കോഴ വിവാദവും കോടതി നടപടികൾ നിർത്തിവെച്ച് നാല് മുതിർന്ന ജഡ്ജിമാർ വാർത്താ സമ്മേളനം നടത്തിയതും ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം തീരുമാനങ്ങളിലെ കേന്ദ്ര ഇടപെടലുമൊക്കെ ജസ്റ്റിസ് ദീപക് മിശ്രയുടെ കാലഘട്ടം സംഭവബഹുലമാക്കി. വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഒപ്പം പ്രതിപക്ഷ പാർടികളുടെ ഇംപീച്ച്മെന്റ് നീക്കവും 13 മാസത്തെ ചീഫ് ജസ്റ്റിസ് പദവിക്കിടെ ജസ്റ്റിസ് ദീപക് മിശ്രക്ക് നേരിടേണ്ടി വന്നു.
സുപ്രീംകോടതിയിലെ ഭരണകാര്യങ്ങൾ ചീഫ് ജസ്റ്റിസ് അട്ടിമറിക്കുന്നു എന്ന മുതിർന്ന ജഡ്ജിമാരുടെ ആരോപണം തള്ളി മാസ്റ്റർ ഓഫ് ദ റോസ്റ്റർ താൻ തന്നെയെന്ന് പ്രഖ്യപിച്ച് ജസ്റ്റിസ് മിശ്ര മുന്നോട്ടുപോയി. ഭരണഘടന വിഷയങ്ങളിലടക്കം ഏറെ സുപ്രധാന വിധികൾ ഉണ്ടായ കാലം കൂടിയാണ് ജസ്റ്റിസ് ദീപക് മിശ്രയുടേത്. സ്വവർഗലൈംഗികത നിയമവിധേയമാക്കി, വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഐപിസി 497ാം വകുപ്പ് റദ്ദാക്കി, ദയാവധം അനുവദിക്കാം, ശബരിമലയിലെ സത്രീപ്രവേശനത്തിന് അനുമതി അങ്ങനെ വിപ്ളവകരമായ നിരവധി വിധികൾ.
ഇതിനിടെ ആധാറിന് അനുമതി, അയോദ്ധ്യ കേസ് വിപുലമായ ബെഞ്ച് പരിഗണിക്കേണ്ട, സിബിഐ കോടതി ജഡ്ജി ബി എച്ച് ലോയ ദുരൂഹ മരണത്തിൽ അന്വേഷണം വേണ്ട , പൗരാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് അങ്ങനെ സർക്കാരിന് ആശ്വാസമായ വിധികളും ജസ്റ്റിസ് മിശ്രയുടെ ബെഞ്ചിൽ നിന്നുണ്ടായി. സിനിമ തിയ്യേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കിയതും പിന്നീട് ആ ഉത്തരവിൽ ഇളവുവരുത്തിയതും വലിയ ചർച്ചകൾക്ക് വഴിവെച്ചു.
2011 ഒക്ടോബർ 10 നാണ് ദീപക് മിശ്ര സുപ്രീംകോടതി ജഡ്ജിയാകുന്നത്. എട്ട് വർഷത്തിന് ശേഷം ചീഫ് ജസ്റ്റാസായി സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും വിവാദങ്ങൾ നേരിട്ട ജസ്റ്റിസ് കൂടിയാവുകയാണ് അദ്ദേഹം. ഇന്ന് വൈകീട്ട് സുപ്രീംകോടതി അങ്കണത്തിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് യാത്രയയപ്പ് നൽകും. നിയുക്ത ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ചടങ്ങിൽ പങ്കെടുക്കും. ബുധനാഴ്ച രാവിലെ രാഷ്ട്ര പതിഭവനിലെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാകും ഇന്ത്യയുടെ 46-മത്തെ ചീഫ് ജസ്റ്റിസ് ആയി രഞ്ജൻ ഗൊഗോയി ചുമതലയോൽക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam