ലാവലിൻ കേസ്; അന്തിമവാദം കേൾക്കുന്നത് മാറ്റിവച്ചു

By Web TeamFirst Published Feb 22, 2019, 12:07 PM IST
Highlights

കേസിൽ എപ്പോൾ വേണമെങ്കിലും വാദം കേൾക്കാൻ തയ്യാറാണെന്നും എന്നാൽ വാദം കേൾക്കുന്നത് നീട്ടുകയാണ് ആവശ്യെങ്കിൽ കേസ് മാറ്റിവെക്കാൻ സിബിഐക്ക് ആവശ്യപ്പെടാമൊന്നും കോടതി പറഞ്ഞു.

ദില്ലി: എസ്എൻസി ലാവ്ലിൻ കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹര്‍ജിയിൽ  അന്തിമവാദം കേൾക്കുന്നത് മാറ്റിവെച്ചു. വാദത്തിന് കുറച്ചുകൂടി സമയം വേണമെന്ന സിബിഐ ആവശ്യത്തെ തുടർന്നാണ് കേസിൽ അന്തിമ വാദം കേൾക്കുന്നത് മാറ്റിയത്. ഏപ്രിൽ ആദ്യവാരമോ രണ്ടാംവാരമോ കേസിൽ വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

കേസിൽ എപ്പോൾ വേണമെങ്കിലും വാദം കേൾക്കാൻ തയ്യാറാണെന്നും എന്നാൽ വാദം കേൾക്കുന്നത് നീട്ടുകയാണ് ആവശ്യമെങ്കിൽ കേസ് മാറ്റിവെക്കാൻ സിബിഐക്ക് ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. അതേസമയം ഹോളി അവധിക്ക് ശേഷം കേസിൽ വാദം കേൾക്കണമെന്ന് പിണറായി വിജയന്‍റെ  അഭിഭാഷകൻ വി ഗിരി ആവശ്യപ്പെട്ടു.

വസ്തുതകൾ വിശദമായി പരിശോധിക്കാതെയാണെ് ലാവലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കസ്തൂരിരങ്ക അയ്യരും ആര്‍ ശിവദാസനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ഈ ഹര്‍ജികളിൽ സിബിഐക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കസ്തൂരിരങ്ക അയ്യര്‍ ഉൾപ്പടെയുള്ളവരുടെ ഹര്‍ജികളിൽ ഹൈക്കോടതി ഉത്തരവ് ഭാഗികമായി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

click me!