
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ച ചർച്ച പരാജയം. പ്രിൻസിപ്പലിനെ മാറ്റണമെന്ന ആവശ്യം വിദ്യാർത്ഥികൾ ചര്‍ച്ചയില്‍ ഉന്നയിച്ചെങ്കിലും സർവ്വകലാശാലയുടെ റിപ്പോർട്ട് കിട്ടുന്നതിന് മുമ്പ് നടപടിയെടുക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചതോടെയാണ് ചർച്ച പൊളിഞ്ഞത്.
സമരം 15 ദിവസം പിന്നിടുമ്പോൾ, കൂടുതൽ നേതാക്കൾ വിദ്യാർത്ഥികൾക്ക് പിന്തുണയുമായെത്തി. പ്രിൻസിപ്പലിനെ മാറ്റാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ സമരം ശക്തമാക്കുമെന്ന് വിദ്യാർത്ഥികൾ മുന്നറിയിപ്പ് നൽകി. അതിനിടെ പ്രിൻസിപ്പൽ ഡോ. ലക്ഷ്മി നായർ രാജിവയ്ക്കണമെന്ന് സമരപ്പന്തൽ സന്ദർശിച്ച കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ആവശ്യപ്പെട്ടു.
സമരത്തിന് പിന്തുണയുമായി ബിജെപി നേതാവ് വി മുരളീധരൻ അക്കാദമിക്ക് മുന്നിൽ നിരാഹാര സമരം തുടങ്ങി. കോടതി ഉത്തരവിന്റെ ബലത്തിൽ ഇന്ന് കോളേജ് തുറക്കുമെന്ന് മാനേജ്മെന്റ് ആദ്യം പ്രഖ്യാപിച്ചെങ്കിലും ഒരു വിദ്യാർത്ഥി പോലും ക്യാംപസിലെത്തിയില്ല. തുടർന്ന് ക്ലാസ് നടത്താനുള്ള ശ്രമം അധികൃതർ ഉപേക്ഷിച്ചു. ഒത്തുതീർപ്പിന് സർക്കാർ നടത്തിയ ആദ്യ ശ്രമം പാളിയതോടെ, വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam