ഒമ്പത്‌ വര്‍ഷത്തെ പോരാട്ടം; ഒടുവില്‍ ജാതിയും മതവുമില്ലാത്ത സർട്ടിഫിക്കറ്റ് സ്വന്തമാക്കി അഭിഭാഷക

Published : Feb 14, 2019, 02:32 PM ISTUpdated : Feb 14, 2019, 02:36 PM IST
ഒമ്പത്‌ വര്‍ഷത്തെ പോരാട്ടം; ഒടുവില്‍ ജാതിയും മതവുമില്ലാത്ത സർട്ടിഫിക്കറ്റ് സ്വന്തമാക്കി  അഭിഭാഷക

Synopsis

തനിക്ക് സർട്ടിഫിക്കറ്റ് അനുവദിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും സമൂഹത്തിനൊരു മുതൽക്കൂട്ടാകാൻ തന്റെ നേട്ടത്തിലൂടെ സാധിക്കുമെന്നും സ്നേഹ മാധ്യമങ്ങളോട് പറഞ്ഞു.   

വെല്ലൂര്‍: ജാതിയും മതവും  മനുഷ്യന് മറ്റെന്തിനേക്കാളും വലുതായി മാറിക്കഴിഞ്ഞ കാലഘട്ടമാണിന്ന്. മതത്തിന്റെ പേരില്‍ മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തുകയും പച്ചയ്ക്ക് കത്തിക്കുകയും വരെ ചെയ്യുന്നു. ജാതി മാറി പ്രണയിച്ചതിന്റെയും വിവാഹം കഴിച്ചതിന്റെയും പേരില്‍ അച്ഛന്‍ മകളെ വരെ കൊലപ്പെടുത്തുന്ന കാലം. മനുഷ്യനെ ഒരുമിപ്പിക്കാനല്ല, മറിച്ച് തമ്മിൽ വേർതിരിക്കാനാണ് ജാതിയും മതവും ഇന്നേറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ ജാതിയേയും മതത്തെയും കാറ്റിൽ പറത്തിയിരിക്കുകയാണ് വെല്ലൂരിലെ സ്‌നേഹ പാര്‍ത്തിബരാജ് എന്ന അഭിഭാഷക.

ജാതിയും മതവുമില്ലെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിരിക്കുകയാണ് സ്‌നേഹ പാര്‍ത്തിബരാജ്. കഴിഞ്ഞ ഒമ്പത് വർഷത്തെ കഠിന പോരാട്ടത്തിനൊടുവിലാണ് തനിക്കീ അസുലഭ നേട്ടം കൊയ്യാൻ സാധിച്ചതെന്ന് സ്‌നേഹ പറഞ്ഞു. ജാതിയും മതവുമില്ലെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്ന രാജ്യത്തെ തന്നെ ആദ്യ വ്യക്തിയാണ് ഈ അഭിഭാഷക. ഫെബ്രുവരി 5നാണ് വെല്ലൂർ തഹസിൽദാർ ടി എസ് സത്യമൂർത്തി, സ്നേഹയ്ക്ക് സർട്ടിഫിക്കറ്റ് കൈമാറിയത്.

2017 മേയ് മാസത്തിലാണ് സർട്ടിഫിക്കറ്റിനുവേണ്ടി സ്നേഹ അവസാനമായി അപേക്ഷ സമര്‍പ്പിക്കുന്നത്. മുമ്പ് പലതവണ അപേക്ഷകൾ അധികാരികൾക്ക് മുന്നിൽ  സമർപ്പിച്ചിരുന്നുവെങ്കിലും ഒക്കെ നിഷ്ഫലമായിരുന്നു. എന്നാൽ ഒടുക്കത്തെ ശ്രമമെന്ന നിലയ്ക്ക് ഒട്ടും പ്രതീക്ഷയില്ലാഞ്ഞിട്ടും നടത്തിയ ശ്രമമാണ് സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ സ്നേഹയെ സഹായിച്ചത്. " രാജ്യത്തെ എല്ലാ വ്യക്തികളും തങ്ങളുടെ ജാതി-മത രഹിത ജീവിതം സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കണമെന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്ക്  അവരുടെ അവകാശങ്ങൾ നേടിയെടുക്കാന്‍ ഈ സർട്ടിഫിക്കറ്റിലൂടെ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്‌..." - സ്നേഹ പറഞ്ഞു.

സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവും നിർബന്ധമായും രേഖപ്പെടുത്തണം എന്ന് ഈ രാജ്യത്തെ ഒരു നിയമവും അനുശാസിക്കുന്നില്ല. എന്നിട്ടും സ്കൂളുകളും  കോളേജുകളുമെല്ലാം പ്രവേശനത്തോടൊപ്പം കുട്ടികളെ കൊണ്ട് നിർബന്ധിച്ച് ഇവ രേഖപ്പെടുത്തുന്നു. ഈ പ്രവണത ഇല്ലാതാക്കാൻ തന്റെ നേട്ടത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്നും സ്നേഹ കൂട്ടിച്ചേർത്തു.

സർട്ടിഫിക്കറ്റിന്റെ ആവശ്യവുമായി വെള്ളൂർ സബ് കളക്ടർ  പ്രിയങ്ക പങ്കജത്തിന്റെ അടുത്തെത്തിയപ്പോൾ ആദ്യം അവർ അപേക്ഷ നിരസിക്കുകയായിരുന്നു. തികച്ചും അസാധാരണമായ കേസെന്നായിരുന്നു അന്ന് അവർ പറഞ്ഞത്. എന്നാൽ ജാതിയും മതവും സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തണമെന്നുള്ള നിയമങ്ങൾ ഒന്നും തന്നെ നിരസിക്കാനുള്ള കാരണമായി അവർക്ക് ചൂണ്ടിക്കാണിക്കാനും സാധിച്ചിട്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്നേഹക്ക് സർട്ടിഫിക്കറ്റ് നൽകാൻ സബ് കളക്ടർ തഹസില്‍ദാറിനേട് ഉത്തരവിട്ടത്.

തനിക്ക് സർട്ടിഫിക്കറ്റ് അനുവദിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും സമൂഹത്തിനൊരു മുതൽക്കൂട്ടാകാൻ തന്റെ നേട്ടത്തിലൂടെ സാധിക്കുമെന്നും സ്നേഹ മാധ്യമങ്ങളോട് പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം
'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്