
ദില്ലി: ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി രാഹുൽ ഗാന്ധി. മോദിക്ക് തന്നോടുള്ള വിദ്വേഷം നീക്കാനാണ് അന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തത്. അതിനപ്പുറം മറ്റൊരു ഉദ്ദേശവുമുണ്ടായിരുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പതിനാറാം ലോക്സഭയിലെ അവസാന പ്രസംഗത്തിൽ രാഹുലിന്‍റെ ആലിംഗനത്തെ മോദി പരിഹസിച്ചിരുന്നു. ആത്മാർത്ഥമായ ആലിംഗനവും നിർബന്ധിതമായ ആലിംഗനവും തനിക്ക് വേർതിരിച്ചറിയാമെന്നായിരുന്നു മോദിയുടെ വിമർശനം. വലിയ ഭൂകമ്പം വരുമെന്ന് ചിലർ പറഞ്ഞുവെങ്കിലും ചെറിയ ഭൂകമ്പം പോലും ഉണ്ടായില്ലെന്നും രാഹുൽ ഗാന്ധിയെ പേരെടുത്ത് പരാമർശിക്കാതെ മോദി പരിഹസിച്ചിരുന്നു.
ലോക്സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ ആലിംഗനം. മോദി സർക്കാരിനെതിരെ ശക്തമായി ആഞ്ഞടിച്ച രാഹുൽ ഗാന്ധി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതിന് ശേഷം അപ്രതീക്ഷിതമായി മോദിയെ കെട്ടിപ്പിടിക്കുകയായിരുന്നു.
'ഞാൻ ഇത്രയും നേരം നിങ്ങളെ വിമർശിച്ചു. പക്ഷേ വ്യക്തിപരമായി നിങ്ങളോട് എനിക്ക് ദേഷ്യമില്ല. എന്‍റേത് കോൺഗ്രസ് സംസ്കാരമാണെന്നും' പറഞ്ഞ് രാഹുൽ പ്രസംഗം അവസാനിപ്പിച്ച് മോദിയുടെ സമീപമെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്യുകയായിരുന്നു. ലോക്സഭയിലെ രാഹുൽ ഗാന്ധിയുടെ കെട്ടിപ്പിടുത്തവും കണ്ണിറുക്കലുമെല്ലാം അഭിനന്ദനങ്ങൾക്കും വിമർശനങ്ങൾക്കും ഒരുപോലെ വഴിയൊരുക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam