മൂന്നാറില്‍ കലഹിച്ച് എല്‍ഡിഎഫ് ഭിന്നത രൂക്ഷമായി

By Web DeskFirst Published Apr 23, 2017, 7:10 AM IST
Highlights

തിരുവനന്തപുരം: മൂന്നാര്‍ ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്ന റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരായ മന്ത്രി എം എം മണിയുടെ പരസ്യ അധിക്ഷേപത്തോടെ എല്‍ ഡി എഫിലെ ഭിന്നത അതിരൂക്ഷമായി. എന്തും വിളിച്ച് പറയുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. മണിക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയപ്പോള്‍ സി പി എം നേതാക്കള്‍ പ്രതികരിച്ചില്ല.

കുരിശ് നീക്കലില്‍ തട്ടി എല്‍ഡിഎഫിലുണ്ടായ പ്രതിസന്ധി ഊളമ്പാറ പരാമര്‍ശത്തോടെ അതിരൂക്ഷമായി. ഇടത് നയം നടപ്പാക്കുന്ന റവന്യു ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന മണിയുടെ സമീപനത്തില്‍ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. എം മണിയോട് ആലോചിച്ചും സര്‍വ്വകക്ഷിയോഗം ചേര്‍ന്നും ഒഴിപ്പിക്കലെന്ന മുഖ്യമന്ത്രി വിളിച്ച യോഗ തീരുമാനങ്ങള്‍ സി പി ഐക്ക് സ്വീകാര്യമല്ല.

സി പി എം  - സി പി ഐ അടി മുറുകുമ്പോള്‍ കോണ്‍ഗ്രസ്സും ആര്‍ എസ്‌ പിയും മണിയെ തള്ളി സി പി ഐയെ പിന്തുണക്കുന്നു. ബി ജെ പിയും മണിയെ രൂക്ഷമായി വിമര്‍ശിച്ചു. മണിക്കെതിരെ പ്രതിഷേധം മുറുകുമ്പോള്‍ സി പി എം നേതാക്കള്‍ മൗനത്തിലാണ്.

ഒഴിപ്പിക്കലിന് തടയിട്ട് മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരെ അപമാനിച്ച് സി പി എം മന്ത്രിയും നിലകൊള്ളുമ്പോള്‍ മറുഭാഗത്ത് ഒഴിപ്പിക്കലുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സി പി ഐ തീരുമാനം. പക്ഷെ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് റവന്യുവകുപ്പിന് എത്രത്തോളം മുന്നോട്ട് പോകാനാകുമെന്ന് കണ്ടറിയണം.

click me!