വനിതാ മതില്‍: വനിതാ സംഘടനകളുടെ യോഗം വിളിക്കാൻ എൽഡിഎഫ് തീരുമാനം

By Web TeamFirst Published Dec 4, 2018, 5:54 PM IST
Highlights

ഭക്തര്‍ക്ക് ഒപ്പമെന്നത് വെള്ളാപ്പള്ളി നടേശന്‍റെ  വ്യക്തിപരമായ നിലപാടാണ്. നവോത്ഥാനത്തിൽ ഭാഗമാക്കാൻ താൽപര്യമുള്ള ആര്‍ക്കും വനിതാ മതിലിൽ അണിചേരാമെന്നും വിജയരാഘവന്‍

തിരുവനന്തപുരം: നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തില്‍ തീരുമാനമായ വനിതാ മതിലിന് മുന്നോടിയായി വനിതാ സംഘടനകളുടെ യോഗം വിളിക്കാൻ എൽഡിഎഫ് തീരുമാനിച്ചു. ഈ മാസം എട്ടിനാണ് യോഗം വിളിക്കുക. വനിതാ മതിലിനെ കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്‍റെ  പ്രസ്താവന വിവരക്കേടാണെന്നും എൽഡിഎഫ് കണ്‍വീനർ എ വിജയരാഘവന്‍ പറഞ്ഞു.

ഭക്തര്‍ക്ക് ഒപ്പമെന്നത് വെള്ളാപ്പള്ളി നടേശന്‍റെ  വ്യക്തിപരമായ നിലപാടാണ്. നവോത്ഥാനത്തിൽ ഭാഗമാക്കാൻ താൽപര്യമുള്ള ആര്‍ക്കും വനിതാ മതിലിൽ അണിചേരാമെന്നും അദ്ദേഹം പറഞ്ഞു. ഇരുണ്ട കാലത്തിലേക്ക് പോകാനാകില്ലെന്ന് പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ വനിതാ മതില്‍ എന്ന ആശയം മുന്നോട്ട് വെച്ചത്.

ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനം നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് എടുത്തത്. എന്നാല്‍, ഇതിനിടെ നവോത്ഥാന മൂല്യങ്ങളുടെ തകർച്ചയ്ക്ക് എതിരെയാണ് വനിതാ മതിലെന്നും അതിൽ യുവതികളുടെ ക്ഷേത്ര പ്രവേശനം ഉൾപ്പെടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ക്ഷേത്രപ്രവേശനം ഉള്‍പ്പെട്ടിരുന്നെങ്കില്‍ എസ്‍എന്‍ഡിപി വനിതാ മതിലുമായി സഹകരിക്കുമായിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈ വിഷയത്തിലാണ് ഇപ്പോള്‍ എ വിജയരാഘവന്‍ പ്രതികരണവുമായി രംഗത്ത് വന്നത്. ഇടത് മുന്നണി വിപുലീകരണം സംബന്ധിച്ച് 26ന് ചേരുന്ന എൽഡിഎഫ് യോഗം  ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

click me!