
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ സമഗ്രമായ പാക്കേജ് അടിസ്ഥാനത്തിൽ ഹൈക്കമാൻഡിന്റെ അഴിച്ചുപണിക്ക് സാധ്യത. പുതിയ കെപിസിസി പ്രസിഡന്‍റ്, യുഡിഫ് കൺവീനർ എന്നിവർക്കൊപ്പം ഒഴിവുള്ള രാജ്യസീറ്റിലെ സ്ഥാനാര്‍ത്ഥിയെയും ഉടനെ തീരുമാനിക്കും.
രാജ്യസഭയിലെ പിജെ കുര്യൻറെ കാലാവധി ആണ് തീർന്നത്. ഒരു വട്ടം കൂടി സ്ഥാനം കുര്യൻ നന്നായി ആഗ്രഹിക്കുന്നു. ചില ദേശീയ നേതാക്കൾക്കും താല്പര്യം ഉണ്ട്. രാജ്യസഭാ ഉപാധ്യക്ഷൻ എന്ന നിലയിലെ പ്രകടനം കൂടി പരിഗണിച്ചു ഒരു അവസരം കൂടി ഹൈക്കമാൻഡ് നൽകാനുള്ള സാധ്യത ഉണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു മുല്ലപ്പള്ളി രാമചന്ദ്രൻ, വി ഡി സതീശൻ, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരാണ് സജീവമായി പരിഗണിക്കുന്നത്.
യുഡിഫ് കൺവീനർ സ്ഥാനത്തേക്കു ബെന്നി ബെഹന്നാനു നോട്ടം ഉണ്ട്. കുര്യനെതിരെ സംസ്ഥാനത്തെ യുവ നേതാക്കളുടെ എതിർപ്പ് രൂക്ഷം ആയാൽ കുര്യനെ യുഡിഫ് കൺവീനർ ആക്കി കേരളത്തിലേക്ക് അയക്കാനും സാധ്യത തള്ളി കളയേണ്ട. വിഎം സുധീരൻ, ഷാനി മോൾ ഉസ്മാൻ, പിസി ചാക്കോ എന്നിവരിൽ ഒരാളെ പകരം രാജ്യസഭയിലേക്ക് പരിഗണിച്ചേക്കാം.
ശൈലി മാറ്റവും തലമുറ മാറ്റവും ഒക്കെ ഗ്രൂപ്പ് ഭേദം ഇല്ലാതെ ആവശ്യപ്പെടുമ്പോൾ മുതിർന്ന നേതാക്കൾക്ക് ഒരവസരം കൂടി നൽകുന്ന പാക്കേജ് എളുപ്പം നടപ്പാക്കാനും പ്രയാസമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam