കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് ലീഗ്; ബിജെപിക്ക് വോട്ട് മറിച്ചെന്ന് ആരോപണം

By Web DeskFirst Published Jun 5, 2016, 1:08 AM IST
Highlights

വ്യക്തിപരമായ വലിയ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് കാന്തപുരം ബിജെപിക്ക് വോട്ടു മറിച്ചത്. ഇക്കാര്യം തെളിവ് സഹിതം ബോധ്യപ്പെട്ടിരിക്കുകയാണെന്ന് കെ പിഎ മജീദ് പറയുന്നു. യുഡിഎഫിനെ തോല്‍പിക്കാന്‍ കാന്തപുരം കാസര്‍കോട് ക്യാമ്പ് ചെയ്യുന്നുവെന്ന വിവരം മനസിലാക്കി കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് അന്ന് വലിയ നേതൃപടയെത്തന്നെ മഞ്ചേശ്വരത്തേക്കയച്ചിരുന്നെന്ന് മജീദ് വെളിപ്പെടുത്തുന്നു. ചെങ്ങന്നൂരിലും മലപ്പുറത്തും കാന്തപുരത്തിന്റെ പിന്തുണ കിട്ടിരുന്നുവെന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രസ്താവന കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നു. ഗുജറാത്തില്‍ ആദ്യമായി ഒരു മുസ്ലീം സമ്മേളനം സംഘടിപ്പിക്കാനുള്ള അനുമതി കാന്തപുരത്തിന് മാത്രമാണ് കിട്ടിയത്. അത്ര ദൃഢമായ ബന്ധം കാന്തപുരവും ബിജെപിയും തമ്മിലുണ്ടെന്ന് കെപിഎ മജീദ് സമര്‍ത്ഥിക്കുന്നു. മര്‍കസിനായി 5 കോടി രൂപ മോദി സംഭാവന നല്‍കിയിരുന്നെന്ന ആരോപണം ഇനിയും കാന്തപുരം നിഷേധിച്ചിട്ടില്ലെന്നും മജീദ് ചൂണ്ടിക്കാട്ടുന്നു. മുസ്ലീംലീഗിനെ മുഴുവന്‍ സീറ്റിലും പാരജയപ്പെടുത്താനിറങ്ങി തിരിച്ച കാന്തപുത്തിന് ഒന്നും ചെയ്യാനായില്ല. മതനിരപേക്ഷ വോട്ടര്‍മാര്‍ മണ്ണാര്‍ക്കാട് ലീഗിനെ വിജയിപ്പിച്ചത് കാന്തപുരത്തിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്നും കെപിഎ മജീദ് പറയുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ കക്ഷി നേതാക്കളും തന്റെ മുന്നില്‍ ശിരസ് നമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ അനുയായികളെ കൊണ്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കാന്തപുരം രാഷ്ട്രീക്കാരുടെ മേല്‍ ചക്രവര്‍ത്തി ചമയുകയാണെന്നും മജീദ് വിമര്‍ശിക്കുന്നു.   സംഘപരിവാറിന്റെ ആലയില്‍ കൊണ്ടെത്തിക്കാനുള്ള കാന്തപുരത്തിന്റെ നീക്കങ്ങള്‍ക്കെതിരെ മുസ്ലീം സമുദായം ജാഗ്രത പുലര്‍ത്തണമെന്നും ലേഖനത്തില്‍ മജീദ് ചൂണ്ടിക്കാട്ടുന്നു. അതേസമയം മണ്ണാര്‍ക്കാട് ലീഗിനെ തോല്‍പിക്കണമെന്ന പരസ്യ ആഹ്വാനം തെരഞ്ഞെടുപ്പ് കാലത്ത് കാന്തപുരം നടത്തിയതിലുള്ള അമര്‍ഷമാണ് ലീഗ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. ഇടക്കാലത്ത് യുഡിഎഫിനോട് അടുത്തിരുന്നെങ്കിലും ഇ കെ സുന്നികളുടെ നിയന്ത്രണത്തിലാണെന്ന നിലപാടില്‍ ലീഗിനോട് കാന്തപുരം അടുപ്പം പ്രകടിപ്പിച്ചിരുന്നുമില്ല.

click me!