ലെനിൻ രാജേന്ദ്രന്‍റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു; സംസ്കാരം നാളെ

By Web TeamFirst Published Jan 15, 2019, 7:11 PM IST
Highlights

ഊരൂട്ടമ്പലത്തെ വീട്ടിലും, കലാഭവനിലും പൊതുദർശനം ഉണ്ടാകും. തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. ചികിത്സാചെലവ് അടയ്ക്കുന്നതിന്റെ പേരിൽ മൃതദേഹം വിട്ട് നൽകാൻ ആശയക്കുഴപ്പം ഉണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിൻ രാജേന്ദ്രന്‍റെ ഭൗതിക ശരീരം ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചു. വിമാനത്താവളത്തിൽ നിന്ന് പണ്ഡിറ്റ്സ് കോളനിയിലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടു പോയി കരൾ രോഗത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലെനിൻ ഇന്നലെ രാത്രിയാണ് അന്തരിച്ചത്.

67 കാരനായ ലെനിൻ രാജേന്ദ്രന്‍ രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് വിധേയനായിരുന്നു. തുടർന്നുണ്ടായ അണുബാധയും അമിതമായി രക്തസമ്മർദ്ദം കുറഞ്ഞതുമാണ് മരണകാരണം. രാവിലെ 9 മണിക്ക് ചെന്നൈയിലെ രാമചന്ദ്ര മെഡിക്കൽ കോളേജിൽ എംബാം ചെയ്ത ശേഷമാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്.

ഊരൂട്ടമ്പലത്തെ വീട്ടിലും, കലാഭവനിലും പൊതുദർശനം ഉണ്ടാകും. നാളെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. ചികിത്സാചെലവ് അടയ്ക്കുന്നതിന്റെ പേരിൽ മൃതദേഹം വിട്ട് നൽകാൻ ആശയക്കുഴപ്പം ഉണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.

1981ല്‍ വേനല്‍ എന്ന സിനിമയിലൂടെയാണ് ലെനിന്‍ രാജേന്ദ്രന്‍ മലയാള സിനിമാ രംഗത്തേക്ക് കാല്‍വയ്ക്കുന്നത്. എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലെ നവസിനിമയുടെ വക്താക്കളിലൊരാളായി ലെനിന്‍ രാജേന്ദ്രന്‍ ശ്രദ്ധേയനായി. വേനൽ, ചില്ല്, പ്രേം നസീറിനെ കാണ്മാനില്ല, മീനമാസത്തിലെ സൂര്യൻ, മഴക്കാല മേഘം, സ്വാതി തിരുന്നാൾ, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികൾ, കുലം മഴ, അന്യർ, രാത്രിമഴ, മകരമഞ്ഞ്  എന്നിവയാണ്  സിനിമകള്‍. ഭാര്യ:ഡോ.രമണി , മക്കൾ:പാർവതി, ഗൗതമൻ.

click me!