ശബരിമല: എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച് മോദി, വിശ്വാസികൾക്കൊപ്പം ബിജെപി മാത്രം

By Web TeamFirst Published Jan 15, 2019, 6:32 PM IST
Highlights

ഇന്ത്യയുടെ സംസ്കാരത്തെയും ആദ്ധ്യാത്മികതയെയും ബഹുമാനിക്കുന്നവരല്ല എൽഡിഎഫുകാർ. കോൺഗ്രസിനാകട്ടെ ഈ വിഷയത്തിൽ ഇതുവരെ ഒരു നിലപാടില്ല. 

കൊല്ലം: ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി മോദി. യുവതീപ്രവേശനവിഷയത്തിൽ എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച മോദി ഭക്തർക്കൊപ്പം നിന്ന ഒരേയൊരു പാർട്ടിയാണെന്നും വ്യക്തമാക്കി. കൊല്ലം പീരങ്കിമൈതാനത്തെ എൻഡിഎ മഹാസമ്മേളനത്തിലാണ് മോദിയുടെ പ്രസംഗം.

മോദിയുടെ പ്രസംഗത്തിന്‍റെ പ്രസക്തഭാഗങ്ങൾ:

''ഇന്ന് രാജ്യം ചർച്ച ചെയ്യുന്നത് ശബരിമലയെക്കുറിച്ചാണ്. ചരിത്രത്തിലിടം പിടിക്കാൻ പോകുന്ന സമരമാണ് ശബരിമലയിലേത്. കേരളത്തിന്‍റെ ആദ്ധ്യാത്മികതയുടെയും ചരിത്രത്തിന്‍റെയും അടയാളമാണ് ശബരിമല. അവിടത്തെ യുവതീപ്രവേശനവിഷയത്തിൽ എൽഡിഎഫ് എടുത്ത നിലപാട് ഏറ്റവും മോശം നിലപാടായി ചരിത്രം രേഖപ്പെടുത്തും. 

ഇന്ത്യയുടെ സംസ്കാരത്തെയും ആദ്ധ്യാത്മികതയെയും ബഹുമാനിക്കുന്നവരല്ല എൽഡിഎഫുകാർ. അവർ പക്ഷേ, ശബരിമല വിഷയത്തിൽ ഇത്ര മോശം നിലപാടെടുക്കുമെന്ന് കരുതിയിരുന്നില്ല.''

കോൺഗ്രസിനാകട്ടെ ഈ വിഷയത്തിൽ ഇതുവരെ ഒരു നിലപാടില്ല. പാർലമെന്‍റിൽ ഒരു നിലപാടെടുക്കുന്ന കോൺഗ്രസ് കേരളത്തിലെ പത്തനംതിട്ടയിൽ മറ്റൊരു നിലപാടാണ് എടുക്കുന്നത്. നിങ്ങളുടെ ഇരട്ടത്താപ്പും ഓരോ ദിവസവുമെടുക്കുന്ന നിലപാടുകളും എല്ലാവർക്കുമറിയാം.

ശബരിമല വിഷയത്തിൽ ബിജെപിയുടെ നിലപാട് വളരെ കൃത്യമാണ്. അത് കേരളത്തിലെ വിശ്വാസികൾക്കൊപ്പമാണ്. ശബരിമലയിൽ ഭക്തരുടെ ഒപ്പം നിന്ന ഒരേയൊരു പാർട്ടി ബിജെപിയാണ്. അത് സൗകര്യത്തിനനുസരിച്ച് മാറുന്നതല്ല, ഉറച്ചതാണ്.

ഇടതും കോൺഗ്രസും ലിംഗനീതി, സാമൂഹ്യനീതി - എന്നെല്ലാം പറഞ്ഞേക്കാം. പക്ഷേ അവരുടെ പ്രവൃത്തികൾ അതിനെല്ലാം വിഭിന്നമാണ്. മുത്തലാഖിനെതിരാണ് സിപിഎമ്മും കോൺഗ്രസും. ലിംഗനീതിയ്ക്കെതിരാണ് മുത്തലാഖ് എന്ന കാര്യത്തിൽ സംശയമുണ്ടോ?  നിരവധി ഇസ്ലാമിക രാഷ്ട്രങ്ങൾ നിരോധിച്ച മുത്തലാഖ് എന്തിനാണ് നമ്മുടെ രാജ്യത്ത്? മുത്തലാഖിനെതിരായ ബില്ല് കൊണ്ടുവന്നപ്പോൾ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും അതിനെ എതിർത്തു. വോട്ട് ബാങ്ക് മാത്രമാണ് അവരുടെ ലക്ഷ്യം.

 

കുറച്ചു ദിവസം മുൻപ് സാമ്പത്തിക സംവരണനിയമം സർക്കാർ കൊണ്ടുവന്നു. ഏത് ജാതിമതങ്ങളിലുള്ളവർക്കും ഒരേ അവസരം വേണം, തുല്യനീതി വേണം എന്നതാണ് സർക്കാർ നയം. സാമ്പത്തികസംവരണബില്ല് ചരിത്രഭൂരിപക്ഷത്തോടെ പാസ്സായി. അതിനെ ഏത് പാർട്ടിയാണ് എതിർത്തത് എന്നറിയാമോ? മുസ്ലീംലീഗ്. യുഡിഎഫ് സഖ്യകക്ഷി. കോൺഗ്രസ് അതിനെ അനുകൂലിക്കുന്നോ? നിലപാട് വ്യക്തമാക്കണം. 

കേരളത്തിന്‍റെ ശാന്തി നശിപ്പിച്ചത് ഭരണം മാറിമാറി കൈയാളുന്ന ഇരുമുന്നണികളുമാണ്. കേരളത്തെ വർഗീയതയുടെയും അഴിമതിയുടെയും കേന്ദ്രമാക്കിയത് എൽഡിഎഫും യുഡിഎഫുമാണ്. കേന്ദ്രസർക്കാർ കേരളജനതയുടെ ക്ഷേമം മുന്നിൽക്കണ്ട് ജോലി ചെയ്യുകയാണ്.''

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ഇവിടെ:

click me!