
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എലിപ്പനി മരണങ്ങള്‍ കൂടിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ആരോഗ്യ വകുപ്പിന്‍റെ ജില്ലാ ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കോഴിക്കോട്ട് ഇന്ന് അടിയന്തര യോഗം വിളിച്ചു.
ഔദ്യോഗിക കണക്ക് പ്രകാരം കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 133 പേരാണ് എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത്. കല്ലായി, മാങ്കാവ്, ചെറുവണ്ണൂര്‍, തമ്പലമണ്ണ, കണ്ണാടിക്കല്‍, ഒളവണ്ണ, ഫറൂഖ് എന്നിവിടങ്ങളിലെല്ലാം എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു.
പനി പടരുന്നത് തടയാനുള്ള നടപടികളാണ് ആരോഗ്യ വകുപ്പ് തുടരുന്നത്. പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യുന്നതിനൊപ്പം അവ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. പ്രളയത്തിന് ശേഷം ചിലയിടങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. ഇവിടങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറി ശുചീകരിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.
എല്ലാ ദിവസവും വൈകുന്നേരം കളക്ടറുടെ ചേംബറില്‍ അവലോകന യോഗം ചേരും. ഡി.എം.ഒ, ഡി.എസ്.ഒ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അടക്കമുള്ള കോര്‍കമ്മിറ്റിയായിരിക്കും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുക.
സ്വകാര്യ ആശുപത്രികളോടും പനി സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ നല്‍കാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കും. എലിപ്പനിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം ചികിത്സാ പ്രോട്ടോകോള്‍ പുറത്തിറക്കിയിരുന്നു. അതേസമയം, പ്രളയജലം ഇറങ്ങിയതോടെ സംസ്ഥാനത്ത് എലിപ്പനി ഭീതി വര്‍ധിക്കുകയാണ്. രണ്ട് ദിവസത്തിനിടെ 23 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam