കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ശ്വാസം മുട്ടിച്ചുകൊന്ന കേസ്; ഭാര്യയ്ക്ക് ജീവപര്യന്തം

By Web TeamFirst Published Feb 8, 2019, 7:28 PM IST
Highlights

ഭക്ഷണത്തിൽ ഉറക്കഗുളിക നൽകിയ ശേഷം സജിത ഭർത്താവിനെ തലയണ ഉപയോഗിച്ചും കഴുത്തിൽ തോർത്ത് മുറുക്കിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു

പറവൂർ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മുപ്പത്തിയൊൻപതുകാരിക്ക് ജീവപര്യന്തം. കാക്കനാട് സ്വദേശി സജിതയെ എറണാകുളം വടക്കൻ പറവൂർ കോടതിയാണ് ശിക്ഷിച്ചത്. 2011 ലാണ് ഭർത്താവ് പോള് വർഗീസിനെ സജിത ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

2011 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭക്ഷണത്തിൽ ഉറക്കഗുളിക നൽകിയ ശേഷം സജിത ഭർത്താവിനെ തലയണ ഉപയോഗിച്ചും കഴുത്തിൽ തോർത്ത് മുറുക്കിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.മരണം ഉറപ്പാക്കിയ ശേഷം ബന്ധുക്കളോട് പോൾ വർഗീസ് തൂങ്ങി മരിച്ചുവെന്ന് അറിയിച്ചു.

എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ തൂങ്ങിമരണമല്ലെന്ന് തെളിഞ്ഞതിനെത്തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സജിത പിടിയിലായത്. കാമുകൻ ടിസൺ കുരുവിളയോടൊപ്പം ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്നായിരുന്നു സജിതയുടെ കുറ്റസമ്മതം. 

ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും നിർണായകമായി.യു കെ യിൽ സെയിൽസ്മാനായിരുന്ന ടിസണുമായി ഫോണിലൂടെയാണ് സജിത സൗഹൃദത്തിലായത്.കേസിൽ ഇയാളെ രണ്ടാം പ്രതി ആക്കിയെങ്കിലും സാഹചര്യത്തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.

എന്നാൽ, തെളിവ് നശിപ്പിക്കാനും കൊലപാതകം ആത്മഹത്യയാക്കാനും സജിത ബോധപൂർവമായ ശ്രമം നടത്തിയെന്ന് കോടതി കണ്ടെത്തി.തുടർന്ന് സജിതയെ കുറ്റക്കാരിയെന്ന് വിധിച്ച കോടതി ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. പറവൂർ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ്  കോടതിയാണ് ശിക്ഷ വിധിച്ചത്.വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന പ്രതിയുടെ ആവശ്യവും കോടതി അംഗീകരിച്ചു. 

click me!