
ഹൈദരാബാദ്: തെലുങ്ക് നടൻ പ്രഭാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതിയുമായി വൈഎസ്ആർ കോൺഗ്രസ് നേതാവ് വൈഎസ് ശർമ്മിള. ആരോപണവുമായി ബന്ധപ്പെട്ട വാർത്തകൾ പങ്കുവച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യവുമായി ശർമ്മിള ഹൈദരാബാദ് പൊലീസ് കമ്മീഷണറുമായി കൂടിക്കാഴ്ച്ച നടത്തി.
തിങ്കളാഴ്ച ഹൈദരാബാദ് പൊലീസ് കമ്മീഷണർ അഞ്ജനി കുമാറുമായാണ് ശർമ്മിള കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ തനിക്കെതിരെ ആക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും മറ്റും പങ്കുവച്ചവർക്കെതിരെ ശർമ്മിള കമ്മീഷണർക്ക് പരാതി നൽകി. ഭർത്താവ് അനിൽ കുമാറുമായി എത്തിയാണ് ശർമ്മിള പരാതി നൽകിയത്.
അതേസമയം പൊതു തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് തന്നെ അപകീർത്തിപ്പെടുത്താനുള്ള മനഃപൂർവ്വമായ ഗൂഢാലോചനയാണിതെന്ന് ശർമ്മിള മാധ്യമങ്ങളോട് പറഞ്ഞു. തെലുങ്ക് ദേശം പാർട്ടി (ടിഡിപി) ആണ് ഇതിനുപിന്നിലെന്നും ശർമ്മിള ആരോപിച്ചു.
2014ലെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ ആരംഭിച്ചിരുന്നു. ഇത്തരത്തിൽ വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. കൂടാതെ ഇത്തരം തെറ്റായ പ്രചരണങ്ങൾ നടത്തുന്നതിന് പിന്നിൽ ടിഡിപി ആണെന്ന് താൻ ശക്തമായി വിശ്വസിക്കുന്നതായും ശർമ്മിള പറയുന്നു. താനും നടൻ പ്രഭാസും തമ്മിൽ പരിചയംപോലും ഇല്ലെന്നും ഇതുവരെ തമ്മിൽ സംസാരിച്ചിട്ടില്ലെന്നും ശർമ്മിള വ്യക്തമാക്കി.
ഒരമ്മയും ഭാര്യയുമായ തനിക്കെതിരെ ഇത്തരത്തിൽ തെറ്റായ പ്രചരണങ്ങൾ നടത്തുന്നത് വളരെ വേദനാജനകമാണ്. ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ, തന്റെ നിശ്ശബ്ദത ചില അസുഖകരമായ നിഗമനങ്ങൾക്ക് ഇടയാക്കിയേക്കാം. അതിനാലാണ് നടപടി ആവശ്യപ്പെട്ട്
പൊലീസിൽ പരാതി നൽകിയതെന്നും ശർമ്മിള കൂട്ടിച്ചേർത്തു.
വൈഎസ്ആർ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ജഗമോഹൻ റെഡ്ഡിയുടെ സഹോദരിയും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളുമാണ് വൈഎസ് ശർമ്മിള.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam