ഡോക്ടറുടെ കുറിപ്പടിയിൽ ബിവറേജസ് വഴി മദ്യം; സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

By Web TeamFirst Published Apr 2, 2020, 12:04 PM IST
Highlights

ഒരു ഡോക്ടറും മദ്യം കുറിപ്പടിയിൽ എഴുതില്ലെന്ന് പറ‍ഞ്ഞു കഴിഞ്ഞു. അങ്ങനെ എങ്കിൽ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് എന്ത് കാര്യമെന്ന് ഹൈക്കോടതി

കൊച്ചി: മദ്യാസക്തിയുള്ളവര്‍ക്ക് ബിവറേജസ് കോര്‍പറേഷ്ൻ വഴി മദ്യം ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയടെ സ്റ്റേ. മൂന്നാഴ്ചത്തേക്കാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. സർക്കാരിന് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഒരാഴ്ച സമയം അനുവദിച്ചാണ് ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് സ്റ്റേചെയ്തത്. 

മദ്യാസക്തർക്ക് മദ്യം ബിവറേജസ് കോര്‍പറേഷൻ വഴി നൽകാനുള്ള ഉത്തരവിനെ  ഹൈക്കോടതിയിൽ  പൂർണ്ണമായും  ന്യായീകരക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. . മദ്യം കിട്ടാതെ വരുമ്പോൾ രോ‌ഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ട് സംസ്ഥാനത്ത്. എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ല. അതിനുള്ള സൗകര്യം സം സ്ഥാനത്തില്ലെന്നും സര്‍ക്കാര്‍ കോടതിയിൽ പറ‍ഞ്ഞു. 

എന്ത് ശാസ്ത്രീയ അടിത്തറയാണ് ഈ ഉത്തരവിന് ഉള്ളതെന്ന് കോടതി ചോദിച്ചു. മദ്യാസക്തര്‍ക്ക് മദ്യം നൽകുന്നു എന്നതിന് അപ്പുറം ഇതിലെന്ത് കാര്യമാണ് പറയാനുള്ളതെന്നും കോടതി ചോദിച്ചു. അപ്പോഴാണ് മദ്യം പൂര്‍ണ്ണമായും നിരോധിച്ച സംസ്ഥാനങ്ങളിൽ പോലും ഡോക്ടര്മാരുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കുന്നുണ്ട് എന്ന കാര്യം സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞത്. അത് മാത്രമാണ് ഉദ്ദേശിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ വാദിച്ചു. 

മാത്രമല്ല കുറിപ്പടി എഴുതാൻ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കുന്നില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. അതെസമയം ഒരു ഡോക്ടറും മദ്യം കുറിപ്പടിയിൽ എഴുതില്ലെന്ന് പറ‍ഞ്ഞു കഴിഞ്ഞു. അങ്ങനെ എങ്കിൽ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് എന്ത് കാര്യമെന്നായിരുന്നു ഹൈക്കോടതയുടെ ചോദ്യം. 

സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ ടിഎൻ പ്രതാപൻ നൽകിയ ഹര്‍ജി വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയും കോടതിയെ സമീപിച്ചിരുന്നു 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!