മുത്തലാഖ് ബിൽ നാളെ ലോക്സഭയിൽ

By Web TeamFirst Published Dec 26, 2018, 6:50 AM IST
Highlights

സഭയിൽ ഹാജരാകാൻ എംപിമാർക്ക് ബിജെപി വിപ്പ് അണ്ണാ ഡിഎംകെയുടെ സഹകരണവും ബിജെപി തേടി

ദില്ലി: മുത്തലാഖ് ഓർഡിനൻസിന് പകരമുള്ള ബിൽ നാളെ ലോക്സഭയിൽ പാസാക്കാൻ ബിജെപി നീക്കം തുടങ്ങി. നാളെ സഭയിൽ ഹാജരാകാൻ എംപിമാർക്ക് ബിജെപി വിപ്പു നല്കി. അണ്ണാ ഡിഎംകെയുടെ പിന്തുണയും ബിജെപി തേടി. മുത്തലാഖ് ഓർഡിനൻസിന് പകരമുള്ള ബില്ല് ഈ മാസം പതിനേഴിനാണ് നിയമമന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ അവതരിപ്പിച്ചത്. 

നാളെ ബില്ല് ചർച്ചയ്ക്കെടുക്കുമ്പോൾ സഹകരിക്കാം എന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചയിൽ പങ്കെടുത്താലും ബില്ലിനെ കോൺഗ്രസ് ഇന്നത്തെ നിലയ്ക്ക് പിന്തുണയ്ക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നു. സഭയിൽ എൻഡിഎയ്ക്ക് ഭൂരിപക്ഷമുണ്ട്. എന്നാൽ അവധിക്കാലത്ത് അംഗങ്ങൾ സഭയിൽ വരാതിരുന്നാൽ ബിജെപിക്ക് തിരിച്ചടിയാവും. 

അതിനാലാണ് സഭയിൽ ഹാജരായി ബില്ലിന് അനുകൂലമായി വോട്ടു ചെയ്യണം എന്നാവശ്യപ്പെട്ട് വിപ്പു നല്കിയത്. രണ്ട് എംപിമാർ അടുത്തിടെ രാജിവച്ചതോടെ ബിജെപി അംഗസംഖ്യ 269 ആയി സഭയിൽ കുറഞ്ഞു. എൻഡിഎ അംഗങ്ങളുടെ പിന്തുണ കൂടി ബിജെപിക്കു കിട്ടുമെങ്കിലും ആശയക്കുഴപ്പം ഒഴിവാക്കാൻ 37 പേരുള്ള അണ്ണാ ഡിഎംകെയുടെ സഹകരണവും ബിജെപി തേടിയിട്ടുണ്ട്. 

ഈ സാഹചര്യത്തിൽ മാറ്റങ്ങളിലാതെ മുത്തലാഖ് ബിൽ ലോക്സഭയിൽ പാസ്സാകും എന്നുറപ്പാണ്. എന്നാൽ രാജ്യസഭ കടക്കാനാവില്ല. നാളെ മുത്തലാഖ് ബില്ലിനു ശേഷം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തം ചർച്ചയ്ക്കെടുക്കാനാണ് കാര്യോപദേശക സമിതിയിലുണ്ടായ ധാരണ.

click me!