
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ കരുണാകരന്‍ രാജിവെച്ചതുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. ആന്റണിയോടും ഉമ്മന്‍ ചാണ്ടിയോടും കൂറ് ഒരേ പോലെയാണെന്നും ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തി സംസാരിച്ചെന്ന തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അനാവശ്യമാണെന്നും ഹസന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.
ചാരക്കേസിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നത് സത്യമാണ്. പക്ഷേ, അതിനെ മറ്റുള്ളവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. അനുസ്മരണ സമ്മേളനത്തില്‍ കെ.കരുണാകരനെക്കുറിച്ച് തന്റെ മനസ്സില്‍ കുറേക്കാലമായി ഉണ്ടായിരുന്ന ഒരു വികാരം, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് പങ്കുവയ്ക്കുക മാത്രമാണ് താന്‍ ചെയ്തത്. ആന്റണിയും ഉമ്മന്‍ചാണ്ടിയും തനിക്ക് ഒരുപോലെ ബന്ധവും കടപ്പാടും ഉള്ള വ്യക്തികളാണ്. ഉമ്മന്‍ചാണ്ടിയെ താന്‍ ഇകഴ്ത്തി സംസാരിച്ചെന്ന രീതിയിലുള്ള തെറ്റായ പ്രചരണങ്ങള്‍ പ്രതികാരമനോഭാവത്തെടെയുള്ളതാണ്. ഉമ്മന്‍ചാണ്ടിയോട് ഈ പ്രസംഗക്കാര്യം താന്‍ സൂചിപ്പിച്ചതാണ്. അദ്ദേഹം യാതൊരു അതൃപ്തിയും പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്ന് ചിലര്‍ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും ഹസന്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.
ചാരക്കേസിന്റെ പേരില്‍ കെ.കരുണാകരനെ രാജിവെപ്പിക്കാന്‍ നടത്തിയ നീക്കത്തില്‍ കുറ്റബോധം ഉണ്ടെന്നാണ് എം.എം ഹസ്സന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെപ്പിക്കാന്‍ ശ്രമിക്കരുതെന്നും അത് പാര്‍ട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്നും തന്നോടും ഉമ്മന്‍ചാണ്ടിയോടും എ.കെ ആന്റണി ആവശ്യപ്പെട്ടിരുന്നെന്നാണ് ഹസന്‍ പറഞ്ഞത്. വെളിപ്പെടുത്തലില്‍ ഉറച്ചുനില്‍ക്കുന്നതായും ഹസന്‍ പറഞ്ഞിരുന്നു. ഏറെ കാലമായി മനസിലുണ്ടായിരുന്ന വികാരമാണ് പ്രകടിപ്പിച്ചത്. പറഞ്ഞ കാര്യങ്ങള്‍ക്ക് മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കേണ്ട, ഇതു സംബന്ധിച്ച് ഗ്രൂപ്പില്‍ ആശയക്കുഴപ്പം ഉണ്ടോയെന്നത് ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ടെന്നും ഹസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam