മധുവിന്‍റെ കൊലപാതകം: മജിസ്ട്രേറ്റുതല അന്വേഷണം തുടങ്ങി

By Web DeskFirst Published Jun 28, 2018, 7:56 AM IST
Highlights
  • പരിശോധനാ സംഘത്തിലുണ്ടായിരുന്ന അഡീഷണൽ എസ്.ഐ പ്രസാദ് വർക്കിയുടെ മൊഴിയാണ് ഇനി രേഖപ്പെടുത്താൻ ബാക്കിയുള്ളത്.

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റുതല അന്വേഷണം തുടങ്ങി. ഒറ്റപ്പാലം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രണ്ടുപേരുടെ മൊഴി രേഖപ്പെടുത്തി. അടുത്തമാസം ആദ്യവാരത്തോടെ അന്വേഷണ റിപ്പോർട്ട് ജില്ലാകളക്ടർക്ക് സമർപ്പിക്കും

മധുവിന്‍റെ സഹോദരിയായ ചന്ദ്രികയുടെ ഭർത്താവ് മുരുകന്‍റെയും കൊലപാതകത്തിന് ശേഷം പരിശോധന നടത്തിയ അഗളി സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്‍റ് സർജൻ ഡോ.ലിമ ഫ്രാൻസിസിന്‍റെയും മൊഴിയാണ് രേഖപ്പെടുത്തിയത്. അന്ന് പരിശോധനാ സംഘത്തിലുണ്ടായിരുന്ന അഡീഷണൽ എസ്.ഐ പ്രസാദ് വർക്കിയുടെ മൊഴിയാണ് ഇനി രേഖപ്പെടുത്താൻ ബാക്കിയുള്ളത്.

എഫ്. ഐ.ആറും ഇൻക്വസ്റ്റ് റിപ്പോർട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ടും പരിശോധിച്ച് ജൂലായ് 10-നകം അന്വേഷണ റിപ്പോർട്ട് എക്സിക്യൂട്ടീവ് ജില്ലാ മജിസ്ട്രേറ്റായ ജില്ലാ കളക്ടർക്കാണ് റിപ്പോർട്ട് സമർപ്പിക്കുക. തുടർന്ന് മനുഷ്യാവകാശ കമ്മീഷന് കൈമാറും. അഗളി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസ് അന്വേഷിച്ച് 86 ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു.16 പേർ പ്രതികളായ കേസിന്‍റെ കുറ്റപത്രം മണ്ണാർക്കാട് എസ്.സി/ എസ്.ടി പ്രത്യേക കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്.

click me!