
റെയ്ഗണ്ട്: പൂര്‍വ്വ കാമുകനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ കാമുകിയും കാമുകനും സഹായിയും പൊലീസ് പിടിയില്‍. മഹാരാഷ്ട്രയിലെ റെയ്ഗണ്ട് ജില്ലയിലാണ് സംഭവം. നന്ദു കലേക്കര്‍ എന്ന ഇരുപത്തിയാറുകാരനാണ് കൊല ചെയ്യപ്പെട്ടത്. ഇയാളുടെ മൃതദേഹം അഴുകിയ നിലയില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തി. ഒക്‌ടോബര്‍ 13ന് കാണാതായ നന്ദു കലേക്കറിനായി പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, നന്ദുവിന്‍റെ കാമുകിയായിരുന്നു നിഷ. അതിനിടയില്‍ ഈ യുവതി അനില്‍ റാവത്തിനെ പരിചയപ്പെടുന്നത്.നിഷയും അനിലും തമ്മില്‍ പ്രണയത്തിലായതോടെ തങ്ങള്‍ക്കിടയില്‍ നിന്ന് നന്ദുവിനെ ഒഴിവാക്കുന്നതിനാണ് കൊലപാതകം നടത്തിയത്. പനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം അബോധാവസ്ഥയിലായ നന്ദുവിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം റെയില്‍വേട്രാക്കില്‍ തള്ളുകയായിരുന്നു.
നേരത്തെ ഇയാളെ കാണാതായപ്പോള്‍ കാമുകി നിഷ വിര്‍ലേയ്ക്ക് നന്ദു ഫോണ്‍ ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ നന്ദുവിനെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു നിഷയുടെ നിലപാട്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച നന്ദുവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയതോടെ പോലീസ് വീണ്ടും നിഷയെയും അവരുടെ ഇപ്പോഴത്തെ കാമുകന്‍ അനില്‍ റാവുത്തിനേയും (27) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ മഹേഷ് ബിവാരെ (22) എന്ന സുഹൃത്തിന്‍റെ സഹായത്തോടെ നന്ദുവിനെ കൊന്നുവെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam