രത്നവ്യാപാരി ചമഞ്ഞ് ഓട്ടോ ഡ്രൈവറില്‍ നിന്ന് പണം തട്ടിയെടുത്തു; പ്രതി മലപ്പുറത്ത് പിടിയില്‍

By Web TeamFirst Published Dec 22, 2018, 11:51 PM IST
Highlights

മലപ്പുറം സി.ഐ. എ പ്രേംജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഷറഫുദ്ദീനെ പിടികൂടിയത്. രാമപുരം സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവറെയാണ് ഷറഫുദ്ദീന്‍ കബളിപ്പിച്ചത്. ഒരാഴ്ച മുന്പായിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ താന്‍ രത്നവ്യാപാരിയാണെന്ന് ഡ്രൈവറെ വിശ്വസിപ്പിച്ചു. ഒരാളെ ജോലിക്കാവശ്യമുണ്ടെന്നും നല്ല ശന്പളം നല്‍കുമെന്നും പറ‍ഞ്ഞു. എങ്കില്‍ താന്‍ ഒപ്പം കൂടാമെന്നായി ഡ്രൈവര്‍

മലപ്പുറം: രത്നവ്യാപാരി ചമഞ്ഞ് ഓട്ടോ ഡ്രൈവറില്‍ നിന്ന് പണം തട്ടിയെടുത്തയാളെ മലപ്പുറത്ത് പൊലീസ് പിടികൂടി. വെന്നിയൂര്‍ സ്വദേശി ഷറഫുദ്ദീനാണ് അറസ്റ്റിലായത്. തട്ടിപ്പിന് ഇരയായ നിരവധി ആളുകളാണ് ഷറഫുദ്ദീനെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നത്.

മലപ്പുറം സി.ഐ. എ പ്രേംജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഷറഫുദ്ദീനെ പിടികൂടിയത്. രാമപുരം സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവറെയാണ് ഷറഫുദ്ദീന്‍ കബളിപ്പിച്ചത്. ഒരാഴ്ച മുന്പായിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ താന്‍ രത്നവ്യാപാരിയാണെന്ന് ഡ്രൈവറെ വിശ്വസിപ്പിച്ചു. ഒരാളെ ജോലിക്കാവശ്യമുണ്ടെന്നും നല്ല ശന്പളം നല്‍കുമെന്നും പറ‍ഞ്ഞു. എങ്കില്‍ താന്‍ ഒപ്പം കൂടാമെന്നായി ഡ്രൈവര്‍.

പിറ്റേന്ന് മലപ്പുറത്തെത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ ഒരു പൊതി ഏല്‍പ്പിച്ചു. ഉള്ളില്‍ സ്വര്‍ണ്ണമാണെന്നും ഇത് മണ്ണാര്‍ക്കാടുള്ള ജ്വല്ലറിയില്‍ എത്തിക്കണമെന്നുമായിരുന്നു ആവശ്യം. ആദ്യ ഇടപാടായതിനാല്‍ തനിക്ക് 12500 രൂപ സെക്യൂരിറ്റി തുകയായി നല്‍കണമെന്നും പൊതി ഏല്‍പ്പിച്ചാല്‍ ജ്വല്ലറിക്കാര്‍ ഈ തുക തിരികെ നല്‍കുമെന്നും ഷറഫുദ്ദീന്‍ ഓട്ടോഡ്രൈവറോട് പറഞ്ഞു. 

മണ്ണാര്‍ക്കാട് എത്തിയ ഓട്ടോഡ്രൈവര്‍ ഷറഫുദ്ദീന്‍ പറഞ്ഞ പേരിലുള്ള സ്വര്‍ണ്ണക്കട കണ്ടില്ല. പൊതി തുറന്ന് നോക്കിയപ്പോള്‍ കാണുന്നത് മുറിവ് കെട്ടാനുപയോഗിക്കുന്ന ബാന്‍ഡേജുകളും. പിന്നാലെയാണ് മലപ്പുറം പൊലീസില്‍ പരാതി നല്‍കിയത്. ഷറഫുദ്ദീന്‍ പണം നല്‍കാനുള്ള നിരവധി ആളുകളാണ് മലപ്പുറം പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 20 ലക്ഷം രൂപ വരെ കിട്ടാനുള്ളവരും എത്തുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്.

click me!