മലയാളി ശാസ്ത്രജ്ഞന്‍ ഡോ. അജിത്തിന് യങ് റിസര്‍ച്ചര്‍ അവാര്‍ഡ്

Published : Nov 29, 2018, 08:02 PM IST
മലയാളി ശാസ്ത്രജ്ഞന്‍ ഡോ. അജിത്തിന് യങ് റിസര്‍ച്ചര്‍ അവാര്‍ഡ്

Synopsis

കാലിഫോർണിയയിലെ ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷനൽ വേവ് ഒബ്സർവേറ്ററിയുടെ (ലൈഗോ) നേതൃത്വത്തിൽ ഗുരുത്വ തരംഗങ്ങളെ കണ്ടെത്താനും പഠന വിധേയമാക്കാനും നടന്ന പരീക്ഷണങ്ങളില്‍ പങ്കാളിയായിരുന്നു അജിത്. 

ബംഗളുരു: ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ജനറല്‍ റിലേറ്റിവിറ്റി ആന്റ് ഗ്രാവിറ്റേഷന്റെ 2019 വര്‍ഷത്തേക്കുള്ള എന്‍.ആര്‍ സെന്‍ യങ് റിസര്‍ച്ചര്‍ അവാര്‍ഡിന് മലയാളി ശാസ്ത്രജ്ഞന്‍ ഡോ. പി അജിത് അര്‍ഹനായി. ബംഗളുരുവിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസില്‍ അസോസിയേറ്റ് പ്രൊഫസറായ അജിത് മലപ്പുറം മേലാറ്റൂർ ചെമ്മാണിയോട് സ്വദേശിയാണ്. ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തലിലും അതിനോടനുബന്ധിച്ചുള്ള ഗവേഷണങ്ങളിലുമുള്ള പങ്കാളിത്തമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

കാലിഫോർണിയയിലെ ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷനൽ വേവ് ഒബ്സർവേറ്ററിയുടെ (ലൈഗോ) നേതൃത്വത്തിൽ ഗുരുത്വ തരംഗങ്ങളെ കണ്ടെത്താനും പഠന വിധേയമാക്കാനും നടന്ന പരീക്ഷണങ്ങളില്‍ പങ്കാളിയായിരുന്നു അജിത്. ഇന്ത്യ അടക്കം 15 രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഈ പരീക്ഷണങ്ങളില്‍ പങ്കെടുത്തത്. ഗുരുത്വ തരംഗങ്ങളെ കണ്ടെത്താനുള്ള പരീക്ഷണങ്ങളിലെ സംഭാവനകളും തമോഗര്‍ത്തങ്ങള്‍ ഒന്നായിതീരുമ്പോള്‍ പ്രവഹിക്കുന്ന ഗുരുത്വ തരംഗങ്ങള്‍ നിരീക്ഷണ വിധേയമാക്കി ആപേക്ഷിക സിദ്ധാന്തത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയതും പരിഗണിച്ചാണ് യങ് റിസര്‍ച്ചര്‍ അവാര്‍ഡ് അജിത്തിന് ലഭിച്ചത്.

ശതകോടിയിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ്  സൂര്യന്റെ നിരവധി ഇരട്ടി പിണ്ഡമുള്ള രണ്ട് തമോഗര്‍ത്തങ്ങള്‍ പരസ്പരമുള്ള ആകര്‍ഷണത്താല്‍  ഒന്നായിത്തീര്‍ന്നപ്പോള്‍ പ്രവഹിച്ച തരംഗങ്ങളാണ് ലൈഗോയില്‍ പരീക്ഷണ വിധേയമാക്കിയത്. 2014 സെപ്തംബര്‍ 14നാണ് ലൈഗോയുടെ രണ്ട് ഒബ്സര്‍വേറ്ററികളിലും ഏതാണ്ട് ഒരേസമയത്ത് ഈ തംരഗങ്ങള്‍ എത്തിച്ചേര്‍ന്നത്. ഇതില്‍ നിന്ന് ലഭിച്ച സിഗ്നലുകള്‍ പഠന വിധേയമാക്കിയാണ് ഗുരുത്വ തരംഗങ്ങളെ കണ്ടെത്തിയത്. ഈ ഗുരുത്വതരംഗങ്ങളുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ആല്‍ബര്‍ട്ട് ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം പരിശോധിച്ച വർക്കിങ് ഗ്രൂപ്പിലായിരുന്നു അജിത് പ്രവര്‍ത്തിച്ചത്.

മലപ്പുറം പെരുന്തൽമണ്ണയിലാണ് അജിത് ജനിച്ചത്. അച്ഛൻ ഡി പരമേശ്വരനും അമ്മ പി നളിനിയും റിട്ടയേർഡ് അദ്ധ്യാപകരാണ്. ഗവ. എൽപിഎസ് ചെമ്മാണിയോട്, മേലാറ്റൂർ ആർ.എം. ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ പഠനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് പ്രീഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം മണ്ണാർക്കാട് എം.ഇ.എസ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദവും എം.ജി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട്, അമേരിക്കയിലെ കാൽടെക് എന്നിവിടങ്ങളിലാണ് പി.എച്ച്.ഡിയും അതിന് ശേഷമുള്ള പോസ്റ്റ് ഡോക്ടറൽ ഗവേഷണവും നടത്തിയത്. ഇപ്പോൾ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ ബംഗുലൂരുവിലെ ഇന്റർനാഷ്ണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസിൽ ജോലി ചെയ്യുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ഇന്ത്യ; പ്രസ്താവന അംഗീകരിക്കാതെ ബംഗ്ലാദേശ്