
കോൽക്കത്ത: ദേശീയ പൗരത്വ രജിസ്റ്റർ വിഷയത്തിൽ ബിജെപിക്കെതിരേ മമത ബാനർജി പ്രതിഷേധം ശക്തമാക്കി. ഒരു കവിതയിലൂടെയാണ് മമതയുടെ വിമർശനം. സ്വത്വം എന്ന തലക്കെട്ടിൽ മമത എഴുതിയ കവിത അവർ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു. ബംഗാളി ഭാഷയിൽ എഴുതിയ കവിതയിൽ ഖണ്ഡികകളാണുള്ളത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും അവർ ഫേസ്ബുക്ക് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചു.
ആരാണു നിങ്ങൾ, എന്താണു നിങ്ങളുടെ കുടുംബപ്പേര്, ഏതാണു നിങ്ങളുടെ മതം എന്നു തുടങ്ങുന്ന ആദ്യ ഖണ്ഡിക, ഈ ചോദ്യങ്ങൾക്ക് ഉത്തരമില്ലെങ്കിൽ നിങ്ങൾക്ക് ഈ ലോകത്ത് സ്ഥാനമില്ലെന്നു പറയുന്നു. എന്താണു നിങ്ങളുടെ സ്വത്വം, എവിടെയാണു നിങ്ങൾ ജീവിക്കുന്നത്, എവിടെയാണു നിങ്ങൾ പഠിച്ചത് എന്നു ചോദിക്കുന്ന രണ്ടാം ഖണ്ഡികയിൽ, ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ രാജ്യദ്രോഹിയാകുമെന്നും മമത പരിഹസിക്കുന്നു.
ഭരിക്കുന്ന പാർട്ടിക്കെതിരേ എഴുതുകയോ പറയുകയോ ചെയ്താൽ നിങ്ങൾ ഭീകരനാകും, ഭരിക്കുന്ന പാർട്ടിക്കെതിരേ പ്രതിഷേധിക്കുന്നവനു രാജ്യത്ത് ഇടമില്ല എന്നിങ്ങനെ പോകുന്നു മമതയുടെ കവിതാ വിമർശനം. ആസാമിലെ എൻആർസി അന്തിമ കരട് പ്രസിദ്ധീകരിച്ചപ്പോൾ 40 ലക്ഷത്തിലേറെപ്പേർ പുറത്തായിരുന്നു.
വർഷങ്ങളായി രാജ്യത്തു കഴിയുന്ന 3.29 കോടി അപേക്ഷകരിൽ 2.89 കോടി പേരാണ് പട്ടികയിൽ ഇടംകണ്ടത്. അവശേഷിക്കുന്ന 40.07 ലക്ഷം പേർക്കു പൗരത്വം നഷ്ടപ്പെടാനുള്ള സാധ്യതയാണു സ്ഥിതി ഗുരുതരമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam