
ദില്ലി: രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി എംകെ സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചതില്‍ പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ല ഇതെന്നായിരുന്നു മമതയുടെ പ്രതികരണം. ''പ്രതിപക്ഷ സഖ്യമുണ്ടാക്കിയതിൽ ഞാൻ ഒരാൾ മാത്രമല്ല ഉള്ളത്. ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് നിൽക്കുന്നത്. എന്ത് വിഷയമായാലും എല്ലാ പാർട്ടികളും ഒരുമിച്ച് ആലോചിച്ചാണ് തീരുമാനിക്കുന്നത്. എന്നാൽ ഇക്കാര്യം ചർച്ച ചെയ്യാനുള്ള സമയം ഇതല്ല. ഒരു നല്ല മാറ്റം വരുത്താനുള്ള സമയമാണിതെന്ന് നമുക്ക് പ്രതീക്ഷിക്കാം.'' കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന വേളയിൽ മമത പറഞ്ഞു.
അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധിയുടെ പ്രതിമ അനാച്ഛാദന പരിപാടിയിൽ വച്ചാണ് രാഹുൽ ഗാന്ധിയെ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി എംകെ സ്റ്റാലിൻ നിർദ്ദേശിച്ചത്. ഫാസിസ്റ്റ് മോദി സർക്കാരിനെ ചെറുക്കാൻ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരണമെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ മറ്റ് രാഷ്ട്രീയ പാർട്ടികളായ സമാജ് വാദി പാർട്ടി, ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടി, മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, ഫറുഖ് അബ്ദുള്ളയുടെ നാഷണല്‍ കോൺഫറൻസ്, ലാലു യാദവിന്റെ രാഷ്ട്രീയ ജനതാദൾ, സിപിഎം എന്നിവർ ഈ നിർദ്ദേശത്തെ തള്ളിക്കളഞ്ഞു കൊണ്ട് രംഗത്തെത്തിയിരുന്നു. 2019 ൽ വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടികൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ മാത്രമേ ഇത്തരം അപക്വമായ നിർദ്ദേശങ്ങൾ കൊണ്ട് സാധിക്കൂ എന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ അഭിപ്രായം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam