'ഏത് ചടങ്ങിലായാലും പുരുഷനും സ്ത്രീയും ഒന്നിച്ചിരുന്ന് കഴിക്കുന്നത് ഇസ്ലാം വിരുദ്ധം'; യുപിയില്‍ വിവാദ ഫത്‍വ

By Web TeamFirst Published Dec 20, 2018, 1:14 PM IST
Highlights

ഇന്ത്യയിലെ തന്നെ ഏറ്റവും പരമ്പരാഗതമായ മുസ്ലീം വിദ്യാഭ്യാസ സ്ഥാപനമാണ് ദയൂബന്ദ് ദാറുല്‍ ഉലൂം. രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. മുമ്പും വിവാദ ഫത്‍വകളുടെ പേരില്‍ ദയൂബന്ദ് ദാറുല്‍ ഉലും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു

മുസാഫര്‍നഗര്‍: ഏത് ചടങ്ങിന്റെ ഭാഗമായിട്ടാണെങ്കിലും പുരുഷനും സ്ത്രീയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഇസ്ലാമിന് വിരുദ്ധമാണെന്ന് കാണിച്ച് ഫത്‍വ ഇറക്കി ഉത്തര്‍പ്രദേശിലെ ദയൂബന്ദ് ദാറുല്‍ ഉലൂം. സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാമോയെന്ന് ആരാഞ്ഞ ഒരു വിശ്വാസിക്ക് നല്‍കിയ മറുപടിയാണ് ദാറുല്‍ ഉലൂം അധികൃതര്‍ ഫത്‍വയായി ഇറക്കിയത്. 

വിവാഹസല്‍ക്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പുരുഷനും സ്ത്രീയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാറുണ്ട്, ഇത് ഇസ്ലാം വിശ്വാസപ്രകാരം അംഗീകരിക്കപ്പെട്ടതാണോ എന്നറിയാനാണ് ചോദ്യമുന്നയിച്ചതെന്ന് ദാറുല്‍ ഉലൂമിനെ സമീപിച്ച വിശ്വാസി അറിയിച്ചു. എന്നാല്‍ ശരീഅത്ത് നിയമപ്രകാരം ഇസ്ലാം ഇക്കാര്യം അംഗീകരിക്കുന്നില്ലെന്ന് ദാറുല്‍ ഉലൂം അറിയിച്ചു. 

'ഇത്തരം നടപടികള്‍ മുസ്ലീം സമുദായത്തെ തന്നെ നശിപ്പിക്കും. അതിനാല്‍ മുസ്ലീം ആയ ഒരാളും ഇത്തരം പ്രവൃത്തികള്‍ ചെയ്യരുത്'- ഫത്‍വയില്‍ ദാറുല്‍ ഉലൂം വ്യക്തമാക്കി. 

ഫത്‍വയ്ക്ക് പിന്തുണയുമായി ദയൂബന്ധിലെ പ്രധാന പുരോഹിതനായ മുഫ്തി അത്തര്‍ ഖാസ്മിയും രംഗത്തെത്തി. അന്യപുരുഷന്മാരോടൊപ്പം വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതും പുരുഷന്മാര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതും സ്ത്രീകള്‍ക്ക് അത്ര നല്ലതല്ലെന്നും ഇത് ഇസ്ലാമിന് വിരുദ്ധം തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇന്ത്യയിലെ തന്നെ ഏറ്റവും പരമ്പരാഗതമായ മുസ്ലീം വിദ്യാഭ്യാസ സ്ഥാപനമാണ് ദയൂബന്ദ് ദാറുല്‍ ഉലൂം. മുമ്പും വിവാദ ഫത്‍വകളുടെ പേരില്‍ ദയൂബന്ദ് ദാറുല്‍ ഉലും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അന്യപുരുഷന്മാര്‍ നില്‍ക്കുന്ന കടകളില്‍ പോയി സ്ത്രീകള്‍ വള വാങ്ങരുതെന്നും, അന്യപുരുഷന്മാരെ കൈകളില്‍ തൊടാന്‍ സ്ത്രീകള്‍ അനുവദിക്കരുതെന്നും കാണിച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇറക്കിയ ഫത്‍വയായിരുന്നു ഏറ്റവുമൊടുവില്‍ ചര്‍ച്ചയായത്.

click me!