റിലീസിന് മുമ്പേ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്‍റെ ഒരു ഭാഗം ചോര്‍ന്നു

By Web DeskFirst Published Mar 28, 2017, 5:22 AM IST
Highlights

കൊച്ചി: മമ്മൂട്ടി നായകനായെത്തുന്ന ഗ്രേറ്റ് ഫാദറിന്റെ ഒരു ഭാഗം പുറത്ത്. മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോ എഡിറ്റിംഗ് സമയത്ത് മൊബൈലില്‍ ചിത്രീകരിച്ചതാണെന്നാണ് കരുതുന്നത്. ഒരു ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്‍റെ ഭാഗം പ്രചരിച്ചത്.  ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

റിലീസ് ചെയ്യാനിരിക്കെ സിനിമയുടെ  ഒരു ഭാഗം പുറത്ത് വന്നതിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന് നിര്‍മാതാക്കള്‍ ആരോപിച്ചു. മാര്‍ച്ച് 30ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്റെ ഒരു ഭാഗം പുറത്ത് വന്നത്. ടൈം കോഡ് ഉള്‍പ്പടെയുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഡാലോചന ഉണ്ടെന്നാണ് കരുതുന്നതെന്ന് നിര്‍മ്മാതാക്കളിലൊരാളായ ഷാജി നടേശന്‍ ആരോപിച്ചു.

സിനിമയിലെ നിര്‍ണായകമായ ഒരു സീനാണ് പുറത്ത് പോയത്. ലക്ഷക്കണക്കിന് ആളുകള്‍ ആ വിഡിയോ കണ്ടു. പോലീസ് വിഡിയോ വന്ന പേജ് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ഷാജി നടേശന്‍ പറഞ്ഞു.

നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്‌നേഹ നായികയായെത്തുന്ന ചിത്രത്തില്‍ ഡബിള്‍ ബാരലിന് ശേഷം ആര്യയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഗ്രേറ്റ് ഫാദര്‍.
 

click me!