മതിലിന് മുകളിലൂടെ പായുന്ന കള്ളന്‍ പിടിയില്‍

By Web DeskFirst Published Mar 25, 2018, 11:05 PM IST
Highlights
  • മോഷ്ടാവ് മരിയാർപ്പുതം പിടിയിൽ
  • കൊച്ചിയിലെ സ്ഥിരം മോഷ്ടാവ്
  • പിടികൂടിയത് പ്രത്യേക പൊലീസ് സംഘം
  • നൂറോളം കേസുകളിൽ പ്രതി
  • സ്വർണവും പണവും കവർന്നു

കൊച്ചി: നഗരത്തിൽ മോഷണം പതിവാക്കിയ തമിഴ്നാട് കുളച്ചൽ സ്വദേശി മരിയാർപ്പുതം ജോൺസൺ പിടിയിൽ. സംസ്ഥാനത്ത് മാത്രം നൂറോളം മോഷണങ്ങൾ നടത്തിയ ഇയാളെ  പ്രത്യേക പൊലീസ് സംഘമാണ് പിടികൂടിയത്.

ലിസി ജംഗ്ഷന് സമീപത്തെ വീട്ടിൽ മോഷണത്തിന് പദ്ധതിയിടുന്നതിനിടെയാണ് മാസങ്ങളായി പൊലീസിനെ വെട്ടിച്ച് നടന്ന മരിയാർപ്പുതം പിടിയിലായത്. തമിഴ്നാട്ടിൽ സ്ഥിരം മോഷ്ടാവായ മരിയാർപ്പുതം കഴിഞ്ഞ വർഷം മുതലാണ് കൊച്ചിയിൽ മോഷണം പതിവാക്കിയത്. അന്ന് എസ്ആർഎം റോഡിലെ വീട്ടിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ നോർത്ത് പൊലീസ് പിടികൂടുകയും ചെയ്തു. എന്നാൽ ഒരു വർഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ  മരിയാർപ്പുതം,  തന്നെ പിടികൂടിയ നോർത്ത് പൊലീസിന് നിരന്തരം തലവേദന സൃഷ്ടിച്ച് സ്റ്റേഷൻ പരിധിയിൽ മോഷണം പതിവാക്കുകയായിരുന്നു. 

നോർത്ത് സ്റ്റേഷൻ പരിധിയിൽ ആറുമാസത്തിനിടെ നടത്തിയത് 10 മോഷണങ്ങളും മുപ്പതോളം മോഷണശ്രമങ്ങളുമാണ്. 30പവൻ സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണുകളുമാണ് കവർന്നത്. സന്ധ്യ കഴിഞ്ഞ് വീട്ടുകാർ ഉണർന്നിരിക്കുന്പോൾ തന്നെ മോഷണം നടത്തുന്നതാണ് മരിയാർപ്പുതത്തിന്‍റെ പതിവ്. മതിലിന് മുകളിലൂടെ ഓടാൻ പ്രത്യേക കഴിവ് തന്നെയുണ്ട് ഇയാൾക്കെന്ന് പൊലീസ് പറയുന്നു.  നാട്ടുകാരുടെ നിരന്തര പരാതിയെത്തിയതോടെ പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതി വീണ്ടും പുറത്തിറങ്ങി മോഷണം പതിവാക്കുന്നത് തടയാൻ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്താൻ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

click me!