വാടകയ്‌ക്കെടുത്ത വാഹനങ്ങൾ വിറ്റു കാശാക്കുന്ന തട്ടിപ്പ് വീരന്‍; ഒടുവില്‍ പിടിയിലായി

By Web TeamFirst Published Jan 5, 2019, 1:28 AM IST
Highlights

കാറുകൾ വാടകക്ക് വാങ്ങി ദിവസങ്ങളോളം ഉപയോഗിച്ച ശേഷം വിൽക്കുക എന്നതാണ് രാഹുല്‍ ദാസിന്‍റെ രീതി. പരിപ്പയി സ്വദേശികളായ കുറുമംഗലത് മഹേഷ് മോഹൻ, ചെരിക്കോട് സ്വദേശി ഷിബു എന്നിവരുടെ പരാതിയിലാണ് ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തിയത്

കണ്ണൂര്‍: വാടകയ്‌ക്കെടുത്ത വാഹനങ്ങൾ വിറ്റു കാശാക്കി തട്ടിപ്പ് നടത്തിയ യുവാവ് കണ്ണൂർ ശ്രീകണ്ഠപുരത്തുവച്ചാണ് പൊലീസിന്‍റെ പിടിയിലായത്. ശ്രീകണ്ഠപുരം പരിപ്പായി സ്വദേശി രാഹുൽദാസിനെയാണ് ശ്രീകണ്ഠപുരം എസ് ഐയും സംഘവും ചേർന്ന് പിടികൂടിയത്.

കാറുകൾ വാടകക്ക് വാങ്ങി ദിവസങ്ങളോളം ഉപയോഗിച്ച ശേഷം വിൽക്കുക എന്നതാണ് രാഹുല്‍ ദാസിന്‍റെ രീതി. പരിപ്പയി സ്വദേശികളായ കുറുമംഗലത് മഹേഷ് മോഹൻ, ചെരിക്കോട് സ്വദേശി ഷിബു എന്നിവരുടെ പരാതിയിലാണ് ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തിയത്. തലശ്ശേരിക്ക് പോകുന്നതിനായി കഴിഞ്ഞ ഒക്ടോബറിലാണ് രാഹുൽദാസ് മാരുതി ഓൾട്ടോ കാർ മഹേഷ് മോഹനിൽ നിന്നും വാടകയ്‌ക്കെടുത്തത്. എന്നാൽ പിന്നീട്‌ കാർ തിരികെ നൽകാതെ പുതിയതെരു സ്വദേശി അർഷിക്ക് 50,000 രൂപയ്ക്ക് വിൽപ്പന നടത്തുകയായിരുന്നുവെന്നാണ് പരാതി.

കഴിഞ്ഞ ഒക്ടോബറിൽ തന്നെയാണ് ഷിബുവും ഇയാൾക്ക് തന്‍റെ മാരുതി ഓൾട്ടോ കാർ വാടകയ്ക്ക് നൽകിയത്. എന്നാൽ പിന്നീട് ഇത് ബക്കളം സ്വദേശികളായ 3 പേർക്ക് 1 ലക്ഷം രൂപയ്ക്ക് വിൽക്കുകയായിരുന്നു. മഹേഷ് ദാസിന്‍റേതടക്കം 2 കാറുകൾ പുതിയതെരുവിലെ അർഷിയുടെ ഗോഡൗണിൽനിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.ബക്കളംസ്വദേശികളുടെ കയ്യിൽ നിന്നും 2 കാറുകൾ കൂടി പിടിച്ചെടുത്തു. എന്നാൽ ഷിബുവിന്റെ കാർ കണ്ടെത്താൻ ഇനിയും ആയിട്ടില്ല. മലയോര മേഖലയിൽ നിന്നും ഇയാൾ ഇത്തരത്തിൽ നിരവധി വാഹനങ്ങൾ വാടകയ്‌ക്കെടുത് വിൽപ്പന നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.

click me!