മോദിയുടെ ഫോട്ടോ ഉപയോഗിച്ച് മൂന്നുകോടി തട്ടിയെടുത്തയാൾ പിടിയിൽ

By Web TeamFirst Published Jan 11, 2019, 4:20 PM IST
Highlights

കേന്ദ്ര പാര്‍പ്പിട ദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിന്റെ ലോഗോ അനുമതിയില്ലാതെ വ്യക്തിഗത ആവശ്യത്തിന് ഉപയോഗിച്ചെന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ ഉപയോ​ഗിച്ച് വ്യാജ പ്രചരണം നടത്തിയാൾ പൊലീസ് പിടിയിൽ. ഫരീദാബാദ് സ്വദേശി രജീന്തര്‍ കുമാര്‍ ത്രിപാദി എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ 2000ത്തിലേറെ വ്യക്തികളെ കബളിപ്പിച്ച്  മൂന്ന് കോടിയോളം രൂപ  കൈക്കലാക്കിയതായി പൊലീസ് പറയുന്നു. പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതിയുടെ അടിസ്ഥാനത്തിൽ കുറഞ്ഞ ചെലവിൽ വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ ആളുകളിൽ നിന്നും പണം കൈക്കലാക്കിയത്.

മോദിയുടെ ഫോട്ടോ കൂടാതെ സര്‍ക്കാര്‍ വകുപ്പിന്റെ പേരും ഉപയോഗിച്ച് രജീന്തര്‍ വ്യാജ പ്രചരണം നടത്തിരുന്നുവെന്ന് പൊലീസ് പറയുന്നു. കേന്ദ്ര പാര്‍പ്പിട ദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിന്റെ ലോഗോ അനുമതിയില്ലാതെ വ്യക്തിഗത ആവശ്യത്തിന് ഉപയോഗിച്ചെന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്. ദേശീയ പാര്‍പ്പിട വികസന സംഘടനയുടെ ചെയര്‍മാന്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ ഭൂരിഭാ​ഗം പേരെയും തട്ടിപ്പിന് ഇരയാക്കിയത്.

രജീന്തര്‍ കുമാര്‍ ത്രിപാദിക്കെതിരെ നിരവധി പരാതികളാണ് ഇതിനോടകം ലഭിച്ചിട്ടുള്ളതെന്ന് പൊലീസ് പറയുന്നു.  1989ല്‍ എല്‍ ഐ സി പോളിസി വെല്‍ഫെയര്‍ ഓര്‍ഗനൈസേഷൻ എന്ന പേരില്‍  ഒരു സന്നദ്ധ സംഘടന രൂപീകരിക്കുന്നതിനായാണ് ഖോരക്പൂരില്‍ നിന്നും ദില്ലിയിലേക്ക് രജീന്തര്‍ താമസം മാറിയത്. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് ലോണ്‍ നല്‍കുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം.

click me!