ബാങ്ക് വായ്പയെടുക്കാന്‍ ഇടനിലക്കാരനായി നിന്ന് നാല് കോടിയോളം തട്ടിയെടുത്തു; പ്രതി പിടിയില്‍

By Web TeamFirst Published Dec 13, 2018, 1:34 AM IST
Highlights

കണ്ടാൽ മാന്യനെന്ന് തോന്നിക്കുന്ന തരത്തിൽ വസ്ത്രങ്ങളണിഞ്ഞ് ആഡംബര വാഹനങ്ങളിൽ കറങ്ങി നടന്നാണ് ശങ്കര്‍ അയ്യറിന്‍റെ തട്ടിപ്പ്. ഇയാളെ അറസ്റ്റ് ചെയ്തതറിഞ്ഞ് തട്ടിപ്പിനിരയായ നിരവധിയാളുകൾ സ്റ്റേഷനിലെത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകളെ കബളിപ്പിച്ച് നാല് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കീഴ്വായ്‍പൂര്‍ പൊലീസ് പിടികൂടി. മല്ലപ്പള്ളി സ്വദേശി ശങ്കര്‍ അയ്യരെയാണ് അറസ്റ്റ് ചെയ്തത്. വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പ്രമാണങ്ങൾ കൈപ്പറ്റിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

ആവശ്യക്കാര്‍ക്ക് ചെറിയ സാന്പത്തിക സഹായം നൽകി വിശ്വാസം നേടിയെടുത്ത ശേഷമാണ് പ്രതി തട്ടിപ്പ് നടത്തുന്നത്. പ്രമാണം കൈപ്പറ്റിയ ശേഷം ഉടമ ആവശ്യപ്പെടുന്നതിൽ കൂടുതൽ ബാങ്കിൽ നിന്ന് വായ്പ വാങ്ങും. ഇതിന്‍റെ ഭൂരിഭാഗവും കൈക്കലാക്കിയാണ് തട്ടിപ്പ്. ബാങ്കുകളിൽ നിന്ന് ജപ്തി നോട്ടീസ് വരുമ്പോഴാണ് തട്ടിപ്പിനിരയായവരിൽ കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലാക്കുന്നത്.  

കണ്ടാൽ മാന്യനെന്ന് തോന്നിക്കുന്ന തരത്തിൽ വസ്ത്രങ്ങളണിഞ്ഞ് ആഡംബര വാഹനങ്ങളിൽ കറങ്ങി നടന്നാണ് ശങ്കര്‍ അയ്യറിന്‍റെ തട്ടിപ്പ്. ഇയാളെ അറസ്റ്റ് ചെയ്തതറിഞ്ഞ് തട്ടിപ്പിനിരയായ നിരവധിയാളുകൾ സ്റ്റേഷനിലെത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മല്ലപ്പള്ളി, തിരുവല്ല, പെരുന്പെട്ടി മേഖലകളിൽ നിന്ന് നിരവധിയാളുകളെയാണ് ശങ്കര്‍ അയ്യര്‍ കബളിപ്പിച്ചത്.  മലപ്പുറം മഞ്ചേരിയിൽ നിന്ന് 11 വര്‍ഷം മുമ്പാണ് ഇയാൾ ആനിക്കാടെത്തിയത്.  കോടതിയിൽ ഹാജരാക്കിയ ശങ്കര്‍ അയ്യര്‍ റിമാൻഡിലാണ്. 

click me!