ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് പരാതിപ്പെട്ട സൈനികന്റെ മകന്‍ മരിച്ച നിലയില്‍

By Web TeamFirst Published Jan 18, 2019, 2:35 PM IST
Highlights

ബോര്‍ഡര്‍ സെക്യൂരിറ്റി സേനയിലെ കോണ്‍സ്റ്റബിളായിരുന്ന തേജ് പ്രതാപ് യാദവിന്റെ മകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. അകത്ത് നിന്ന് പൂട്ടിയ മുറിയ്ക്കുള്ളില്‍ കയ്യില്‍ തോക്ക് പിടിച്ച നിലയില്‍ കട്ടിലിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. 

ദില്ലി: സൈന്യത്തിന് ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ടതിന് പുറത്താക്കപ്പെട്ട് സൈനികന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. ബോര്‍ഡര്‍ സെക്യൂരിറ്റി സേനയിലെ കോണ്‍സ്റ്റബിളായിരുന്ന തേജ് പ്രതാപ് യാദവിന്റെ മകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 22കാരനായ രോഹിത്തിനെ സ്വവസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. അകത്ത് നിന്ന് പൂട്ടിയ മുറിയ്ക്കുള്ളില്‍ കയ്യില്‍ തോക്ക് പിടിച്ച നിലയില്‍ കട്ടിലിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. 

മകന്റെ മരണ സമയത്ത് കുംഭമേള സംബന്ധിയായി തേജ് പ്രതാപ് യാദവ് സ്ഥലത്ത് ഇല്ലാതിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് സൈനികര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തിന് നിലവാരമില്ലെന്ന് പറഞ്ഞ് വീഡിയോ പുറത്ത് വിട്ടത്. വീഡിയോ വൈറലായതോടെ ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.  

സൈനികര്‍ക്ക് ലഭിക്കുന്നത് കരിഞ്ഞ ചപ്പാത്തിയും വെളളം നിറഞ്ഞ പരിപ്പ് കറിയുമാണെന്നുമായിരുന്നു തേജ് പ്രതാപ് വീഡിയോയില്‍ പറഞ്ഞത്. വീഡിയോ വിവാദമായതോടെ ആഭ്യന്തവകുപ്പില്‍ നിന്ന് പ്രധാനമന്ത്രി  റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വ്യാജ ആരോപണം ഉയര്‍ത്തിയെന്ന് കാണിച്ച് തേജ് പ്രതാപിനെ പുറത്താക്കുകയായിരുന്നു. 
 

click me!