
എറണാകുളം: കൊച്ചി ചേരാനെല്ലൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ 48കാരന്‍ മരിച്ചു. കത്തികുത്ത് കേസിലെ പ്രതിയായ ഷഹീറാണ് മരിച്ചത്. എന്നാല്‍ കസ്റ്റഡിയില്‍ ഷഹീറിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് ചേരാനെല്ലൂര്‍ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി അമിതമായി മദ്യപിച്ചെത്തിയ ഷഹീര്‍ അയല്‍ക്കാരുമായി വഴക്കുണ്ടാക്കുകയും ഷാജഹാന്‍ എന്നയാളെ കുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭാര്യയുള്‍പ്പെടെയുളളവരുടെ പരാതിയിലാണ് ചേരാനെല്ലൂര്‍ പൊലീസ് സ്ഥലത്തെത്തിയത്.
കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ തന്നെ ഷഹീര്‍ അവശനിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടന്‍ എറണാകുളം ജനറല്‍ ആശുരത്രിയിലെത്തിച്ച് പരിശോധനയ്ക്കു വിധേയനാക്കി. അമിതമായി മദ്യപിച്ച അവസ്ഥയിലുളള ഷഹീറിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. ഇതിന്റെ പാടുകള്‍ ശരീരത്തിലുണ്ടായിരുന്നു. രാവിലെ അനക്കമില്ലാത്തതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു.ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ തന്നെ ഇയാള്‍ക്ക് ജീവനുണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ കസ്റ്റഡിയില്‍ വെച്ച് ഇയാളെ മര്‍ദ്ദിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ദുബായില്‍ ജോലി ചെയ്തിരുന്ന ഷെഹീര്‍ ആറ് മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയും രണ്ടും കുട്ടികളുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam