15.6 അടി നീളം, 500 കിലോ തൂക്കം; നീണ്ട പരിശ്രമത്തിനൊടുവിൽ ആ നരഭോജിയെ കീഴടക്കി

By Web TeamFirst Published Dec 2, 2018, 3:51 PM IST
Highlights

കഴിഞ്ഞമാസം 28-ാം തീയതി കോര്‍ണെലിയോ ബൊണെറ്റെ എന്ന മത്സ്യത്തൊഴിലാളിയെ രണ്ട് കൈയ്യും കാലുകളും ശരീരത്തിൽ നിന്നും വേർപ്പെട്ട നിലയിൽ ബലാബാക്കിൽ നിന്നും കണ്ടെത്തിരുന്നു.

മനില: ഫിലിപ്പീന്‍സില്‍ നിരവധി മനുഷ്യ ജീവനുകളെ ഭക്ഷണമാക്കി,പ്രദേശത്ത് ഭീതി ജനിപ്പിച്ച നരഭോജിയായ മുതലയെ പല്‍വാന്‍ കൗണ്‍സില്‍ ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് അതോറിറ്റി പിടികൂടി.15.6 അടി നീളവും 500 കി. ഗ്രാമോളം ഭാരവും ഉള്ള മുതലയെയാണ് പിടികൂടിയത്. ഫിലിപ്പീൻസിൽ ഉള്ള ബലാബാക്ക് ദ്വീപിൽ വെച്ച് ഒരു മത്സ്യത്തൊഴിലാളിയെ മുതല കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അധികൃതരുടെ നടപടി.

ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ നരഭോജി മുതലയെ പിടികൂടാനുള്ള ദൗത്യം ആരംഭിക്കുകയായിരുന്നു. വനംവകുപ്പ് അധികൃതരും പല്‍വാന്‍ കൗണ്‍സില്‍ ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് അതോറിറ്റിയിലെ ജീവനക്കാരുടെയും പരിശ്രമ ഫലമായി പിടികൂടിയ മുതലയെ പ്യുയെര്‍ട്ടോ പ്നിന്‍സെസാ നഗരത്തിലെ വന്യജീവി സങ്കേതത്തില്‍ എത്തിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞമാസം 28-ാം തീയതി കോര്‍ണെലിയോ ബൊണെറ്റെ എന്ന മത്സ്യത്തൊഴിലാളിയെ രണ്ട് കൈയ്യും കാലുകളും ശരീരത്തിൽ നിന്നും വേർപ്പെട്ട നിലയിൽ ബലാബാക്കിൽ നിന്നും കണ്ടെത്തിരുന്നു. ഇയാളുടെ ദേഹത്ത് മുതല കടിച്ച പാടുകൾ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.

ഇതേ രീതിയിൽ  പ്രദേശത്ത് വെച്ച് 16കാരനായ വിദ്യാര്‍ത്ഥി മുതലയുടെ അക്രമക്കിന് ഇരയായിരുന്നു. അന്ന് ​ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. മുതലകൾ ധാരാളമുള്ള തടാകത്തിൽ പോവരുതെന്ന് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അത് കണക്കിലെടുക്കാറില്ലെന്ന് ബാല്‍ബാക്കിലെ വനം വകുപ്പ് അധികൃതർ പറയുന്നു.

click me!