
മുക്കം പൊലീസാണ് പിതാവിനെതിരെ കേസെടുത്തത്. അന്ധവിശ്വാസത്തിന്റെ പേരിലാണ് മുക്കം ഓമശേരി സ്വദേശിയായ അബുബക്കര്‍ സ്വന്തം കുഞ്ഞിന് ജനിച്ചയുടന്‍ നല്‍കേണ്ട മുലപ്പാല്‍ നല്‍കാന്‍ സമ്മതിക്കാതിരുന്നത്. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നു. അഞ്ച് ബാങ്ക് വിളിക്ക് ശേഷം കുഞ്ഞിന് മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന് ശഠിച്ച അച്ഛനെതിരെ അടിയന്തരമായി കേസെടുക്കാന്‍ കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്കും, മുക്കം പോലീസിനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറോ, അല്ലങ്കില്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന ഡോക്ടറോ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. പ്രദേശത്തെ ഒരു സിദ്ധന്റെ നിര്‍ദ്ദേശമാണ് കുഞ്ഞിന്റെ അച്ഛന്‍ അനുസരിച്ചതെന്ന വിവരം കമ്മീഷന് കിട്ടിയിട്ടുണ്ട്. അന്വേഷണ ഘട്ടത്തില്‍ ഇയാളുടെ പങ്ക് വ്യക്തമായാല്‍ കേസെടുക്കാമെന്നും കമ്മീഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജനിച്ച് 23 മണിക്കൂറിന് ശേഷമാണ് കുഞ്ഞിന് മുലപ്പാല്‍ നല്‍കിയത്. അതിന് മുന്‍പ് കുഞ്ഞിന് മുലപ്പാല്‍ നല്‍കിയാല്‍ ഭാര്യയെ തലാക്ക് ചൊല്ലുമെന്ന് അബൂബക്കര്‍ ഭീഷണിപ്പെടുത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam