ശബരിമല ദര്‍ശനത്തിന് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവുമായി എത്തിയ തീര്‍ത്ഥാടകന്‍

By Web TeamFirst Published Dec 6, 2018, 11:04 AM IST
Highlights

ശബരിമലയില്‍ പ്രത്യേക ഹൈക്കോടതി ഉത്തരവുമായി എത്തിയ തീർത്ഥാടകന്‍ ദർശനം നടത്തി. കോഴിക്കോട് സ്വദേശി ബൈജുവാണ് നിയന്ത്രണങ്ങളിൽ ഇളവ് നേടി ദർശനം നടത്തിയത്. 

പത്തനംതിട്ട: ശബരിമലയില്‍ പ്രത്യേക ഹൈക്കോടതി ഉത്തരവുമായി എത്തിയ തീർത്ഥാടകന്‍ ദർശനം നടത്തി. കോഴിക്കോട് സ്വദേശി ബൈജുവാണ് നിയന്ത്രണങ്ങളിൽ ഇളവ് നേടി ദർശനം നടത്തിയത്. ആരോഗ്യപരമായി ബുദ്ധിമുട്ടുള്ളതിനാലാണ് ഹൈക്കോടതിയിൽ കേസ് നൽകിയതെന്ന് ബൈജു പറഞ്ഞു.

ശബരിമലയിലേക്കുള്ള സ്വകാര്യ വാഹനങ്ങൾക്കു നിലയ്ക്കൽ വരെ പോകാൻ മാത്രമാണ് അനുമതി. എന്നാല്‍, ബൈജുവിന്‍റെ വാഹനം നിലയ്ക്കലും കടന്നു പമ്പയിലെത്തി. തിരക്കിനിടയിലും വരി നിൽക്കാതെ ദര്‍ശനം നടത്താനും ബൈജുവിന് കഴിഞ്ഞു. അരവണ അപ്പം വാങ്ങാനും ബൈജുവിന് വരിയില്‍ നിൽക്കേണ്ടി വന്നില്ല. അസുഖം കാരണം ദര്‍ശനം നടത്താൻ പ്രത്യേക അനുമതി വേണമെന്നും ഇക്കാര്യത്തിൽ പൊലീസിന് നിർദേശം നല്കണമെന്നുമുള്ള ഹർജി പരിഗണിച്ചാണ് കോടതി അനുകൂല ഉത്തരവ് നൽകിയത്.

നാല്പതുകാരനായ ബൈജുവിന് എച്ച്എസ്പി എന്ന അപൂർവ രോഗമാണ്. 14 വയസു മുതൽ നടത്തുന്ന ദര്‍ശനം മുടങ്ങരുതെന്ന് കരുതിയാണ് കോടതിയെ സമീപിച്ചതെന്ന് ബൈജു പറയുന്നു. ആരോഗ്യ പ്രശ്നമുള്ളവർക്ക് ശബരിമലയിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊതു താല്പര്യ ഹർജി സമർപ്പിക്കാൻ ഒരുങ്ങുകയാണ് ബൈജു.
 

click me!