വീണ്ടും മല കയറാന്‍ എത്തുമെന്ന് മഞ്ജു

By Web TeamFirst Published Oct 20, 2018, 7:39 PM IST
Highlights

പ്രതികൂല കാലാവസ്ഥയായതിനാലാണ് മല കയറാതെ  മടിങ്ങുന്നതെന്നും താന്‍ ഇനിയും മല കയറാന്‍ എത്തുമെന്നും മഞ്ജു. സന്ധ്യ സമയം ആയിരുന്നു, കാലവസ്ഥയും പ്രതികൂലമായിരുന്നു. അതോടൊപ്പം മല കയറിചെന്നാല്‍ കുട്ടികള്‍ അടക്കമുള്ളവരുടെ പ്രതിഷേധവും കണക്കിലെടുത്താണ് ഇന്ന് മടങ്ങുന്നത്. പിന്നോട്ട് പോകാനില്ല

പമ്പ: പ്രതികൂല കാലാവസ്ഥയായതിനാലാണ് മല കയറാതെ  മടങ്ങുന്നതെന്നും താന്‍ ഇനിയും മല കയറാന്‍ എത്തുമെന്നും മഞ്ജു. പൊലീസ് സുരക്ഷ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു എന്നും മഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സന്ധ്യ സമയം ആയിരുന്നു, കാലവസ്ഥയും പ്രതികൂലമായിരുന്നു. അതോടൊപ്പം മല കയറിയാല്‍ അവിടെ കുട്ടികള്‍ അടക്കമുള്ളവരുടെ പ്രതിഷേധവും ഉണ്ടാകും. ഈ സാഹചര്യത്തിലാണ് ഇന്ന് മല കയറാതെ മടങ്ങുന്നത്. പിന്നോട്ട് പോകാനില്ല, വരും ദിവസങ്ങളില്‍ ദര്‍ശനത്തിനായി എത്തും എന്നും മഞ്ജു പറഞ്ഞു. 

പൊലീസ് ഇന്ന് തന്നെ മല കയറ്റാന്‍ തയ്യാറായിരുന്നു. എന്നാല്‍ സുരക്ഷയില്‍ പാളിച്ചയുണ്ടാകുമെന്ന് പൊലീസ് സൂചിപ്പിച്ചു.  ഇത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍ മല കയറാന്‍ താല്‍പര്യമില്ലായിരുന്നതിനാലാണ് ഇന്ന് മടങ്ങുന്നത്- മഞ്ജു പറഞ്ഞു.ഇന്ന് ഉച്ചയോടെയാണ് ശബരിമല ചവിട്ടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് സുരക്ഷ തേടി മുപ്പത്തിയെട്ടുകാരിയായ മഞ്ജു പമ്പ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ മഞ്ജുവിന് ഇന്ന് പ്രത്യേക സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.

ഏറെ നേരം നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് മഞ്ജുവിന് ഇന്ന് സുരക്ഷ ഒരുക്കാനാകില്ല എന്ന് പൊലീസ് അറിയിച്ചത്. പ്രതികൂല കാലാവസ്ഥയാണ് പൊലീസ് കാരണമായി പറഞ്ഞത്. ശക്തമായ മഴയും വഴിയിൽ വഴുക്കലുമുള്ളതുകൊണ്ട് ഇപ്പോൾ വലിയ സുരക്ഷാ സംഘത്തോടൊപ്പമുള്ള യാത്ര പ്രായോഗികമല്ലെന്ന് ഐജി ശ്രീജിത്ത് അറിയിക്കുകയായിരുന്നു.

എന്നാല്‍ നാളെ രാവിലെ മഞ്ജുവിന് സുരക്ഷ ഒരുക്കുന്ന കാര്യം പരിഗണിക്കുമെന്നും പൊലീസ് മഞ്ജുവിന് ഉറപ്പുനൽകിയിരുന്നു. അതോടൊപ്പം മഞ്ജുവിന്‍റെ പൊതുജീവിതത്തിന്‍റെ പശ്ചാത്തലത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും ഐജി അറിയിച്ചിരുന്നു. ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റായ മഞ്ജു കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശിയാണ്.

വലിയ നടപ്പന്തലിന് സമീപം യുവതിയെ തടയാൻ പ്രതിഷേധക്കാർ സംഘടിച്ച് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. നാല് കിലോമീറ്റർ ദൈർഘ്യമുള്ള കാനനപാത തുടങ്ങുന്ന ഭാഗത്തുതന്നെ പ്രതിഷേധക്കാർ സംഘടിച്ചിരുന്നു.

click me!