മൻമോഹൻ സിംഗ് ' ആക്സിഡന്റൽ ' പ്രധാനമന്ത്രിയല്ല, വിജയിച്ച പ്രധാനമന്ത്രി: ശിവസേന എം പി

By Web TeamFirst Published Jan 5, 2019, 11:35 AM IST
Highlights

പ്രധാനമന്ത്രി എന്ന നിലയിൽ മൻമോഹൻ സിംഗ് വിജയമായിരുന്നെന്നും അദ്ദേഹമൊരു 'ആക്സിഡന്റൽ' പ്രധാനമന്ത്രിയല്ലായിരുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. മന്‍മോഹന്‍ സിംഗിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം 'ദ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റർ' എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന വിമർശനങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെയാണ് മൻമോഹൻ സിംഗിനെ പിന്തുണച്ച് സഞ്ജയ് റാവത്ത് രംഗത്തെത്തിയത്.   

മുംബൈ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് 'ആക്സിഡന്റൽ' പ്രധാനമന്ത്രിയല്ലായിരുന്നുവെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി എന്ന നിലയിൽ മൻമോഹൻ സിംഗ് വിജയമായിരുന്നെന്നും അദ്ദേഹമൊരു 'ആക്സിഡന്റൽ' പ്രധാനമന്ത്രിയല്ലായിരുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. മന്‍മോഹന്‍ സിംഗിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം 'ദ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റർ' എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന വിമർശനങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെയാണ് മൻമോഹൻ സിംഗിനെ പിന്തുണച്ച് സഞ്ജയ് റാവത്ത് രംഗത്തെത്തിയത്.   

പത്ത് വർഷം ഒരു പ്രധാനമന്ത്രി രാജ്യം ഭരിച്ചിട്ടുണ്ടെങ്കിൽ ജനങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കും. ഞാനൊരിക്കലും അദ്ദേഹത്തെ ഒരു ആക്സിഡന്റൽ പ്രധാനമന്ത്രിയായി കാണുന്നില്ല. നരസിംഹ റാവുവിന് ശേഷം രാജ്യത്തിന് മികച്ച പ്രധാനമന്ത്രിയെ കിട്ടിയിട്ടുണ്ടെങ്കിൽ അത് മന്‍മോഹന്‍ സിംഗ് ആണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

ബിജെപിയുമായുള്ള എതിർപ്പ് നേരത്തെ പ്രകടിപ്പിച്ച റാവത്ത്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് കാര്യമായ മാറ്റമുണ്ടെന്നും ആളുകള്‍ രാഹുല്‍ ഗാന്ധി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ബി ജെ പി നേതൃത്വം നല്‍കുന്ന ഭരണമുന്നണിയായ എന്‍ ഡി എയിലെ സഖ്യകക്ഷിയാണ് ശിവസേന.

അതേസമയം, ദ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്ററിന് എതിരെ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ വിമർശനം ശക്തമാണ്. ചിത്രം സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും തെറ്റായി ചിത്രീകരിച്ചതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ കാണിക്കുന്നില്ലെന്ന് പരിശോധിക്കുന്നതിനായി പ്രത്യേക പ്രദർശനം വേണമെന്ന് കാണിച്ച് മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയിരുന്നു.  

ചിത്രത്തിൽ ബോളിവുഡ് നടൻ അനുപം ഖേറാണ് മന്‍മോഹന്‍ സിംഗായി വേഷമിടുന്നത്. ചിത്രം  പ്രമുഖ വ്യക്തികളുടെ പ്രതിച്ഛായ തകർക്കുന്നെന്ന് ആരോപിച്ച് അഭിഭാഷകനായ സുധീർ കുമാർ ഓജ നൽകിയ പരാതിയിൽ ബീഹാറിലെ മുസാഫർപൂരിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സിജെഎം) കോടതി കേസെടുത്തിരിന്നു. അനുപം ഖേറിനുൾപ്പടെ സിനിമയുടെ അണിയറ പ്രവർത്തകർ, സംവിധായകൻ, നിർമാതാവ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.  ചിത്രം ജനുവരി 11ന് തിയേറ്ററുകളിലെത്തും. 
 

click me!